വിജയവാഡ (ആന്ധ്രാപ്രദേശ്): വിജയവാഡയിൽ ബാറ്ററി ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. കിടപ്പുമുറിയിൽ ബാറ്ററി ചാർജ് ചെയ്യവെയാണ് അപകടം.
ശനിയാഴ്‌ച പുലർച്ചെയുണ്ടായ അപകടത്തിൽ ശിവകുമാർ ആണ് മരിച്ചത്. ഭാര്യയെയും രണ്ട് മക്കളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച വാങ്ങിയ സ്‌കൂട്ടറാണ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഗുരുതരമായ പരിക്കേറ്റ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയുടെ നില ഗുരുതരമായി തുടരുന്നു.
Also Read: ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് ഒരു മരണം ; 3 പേർക്ക് പരിക്ക്
വാഹനനിർമാതാവിന്‍റെ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ദിവസങ്ങൾക്ക് മുൻപ് തെലങ്കാനയിലെ നിസാമാബാദിൽ ഇത്തരത്തിൽ ഇലക്‌ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്യൂർ ഇവിയുടെ, സ്‌കൂട്ടറായിരുന്നു പൊട്ടിത്തെറിച്ചത്. പ്യൂർ ഇവിക്കെതിരെ ഐപിസി സെക്ഷൻ 304 എ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്ന് കമ്പനിയുടെ 2000 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്യൂർ ഇവി അറിയിച്ചു. ETRANCE+, EPLUTO 7G എന്നീ മോഡലുകളാണ് തിരിച്ചെടുക്കുന്നത്. സംഭവത്തിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
Also Read: സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് മരിച്ച സംഭവം : 2000 വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി