ന്യൂഡൽഹി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. കേരളം,തമിഴ്നാട്,അസം,പശ്ചിമ ബംഗാൾ,പുതുച്ചേരി എന്നിവിടങ്ങളിലെ നിയസഭകളിലേക്കുളള തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ 6ന് നടക്കും. കേരളം,തമിഴ്നാട്,പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 6ന് വോട്ടെടുപ്പ് നടക്കും. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. എല്ലായിടത്തും ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. അസമിൽ മൂന്ന് ഘട്ടമായിട്ടുമാണ് തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം മാർച്ച് 27,രണ്ടാം ഘട്ടം ഏപ്രിൽ 1, മൂന്നാം ഘട്ടം ഏപ്രിൽ 6നും നടക്കും. മെയ് 2നാണ് എല്ലായിടത്തും വോട്ടെണ്ണല്‍. പശ്ചിമബംഗാളിൽ എട്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നടക്കും. ആദ്യഘട്ടം മാർച്ച് 27ന്. രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിന്, മൂന്നാം ഘട്ടം ഏപ്രില്‍ 6നും, നാലാം ഘട്ടം ഏപ്രില്‍ 10നും ,അഞ്ചാം ഘട്ടം ഏപ്രില്‍17നും, ആറാം ഘട്ടം ഏപ്രില്‍ 22നും, ഏഴാം ഘട്ടം ഏപ്രില്‍ 26 നും, എട്ടാം ഘട്ടം ഏപ്രിൽ 29 നും നടക്കും.
അഞ്ച് സംസ്ഥാനങ്ങളിലായി 824 നിയോജക മണ്ഡലങ്ങളിലായി 18.86 കോടി വോട്ടർമാരാണ് ഉളളത്. ഒരു പോളിങ് ബൂത്തിൽ 1000 വോട്ടർമാർ മാത്രമാണ് ഉണ്ടാവുക. 40771 പോളിങ് ബൂത്തുകളാണ് കേരളത്തിൽ ഉണ്ടാകുക. അഞ്ച് സംസ്ഥാനങ്ങളിലായി 2.7 ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ നൽകും. കൊവിഡ് രോഗികൾക്കും ക്വാറന്‍റൈനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പോളിങ് സമയം വർധിപ്പിച്ചു. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. 80വയസിനു മുകളിൽ ഉളളവർക്ക് തപാൽ വോട്ട്. ദീപക്ക് മിശ്ര ഐപിഎസിനെ കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചു. വീടുകയറിയുളള പ്രചരണത്തിന് അഞ്ച് പേർക്ക് മാത്രമാണ് അനുമതി. പത്രിക നൽകാൻ സ്ഥാനാർഥികൾക്ക് ഒപ്പം രണ്ടുപേർ മാത്രമേ അനുവദിക്കു. സ്ഥാനാർഥിക്ക് മണ്ഡലത്തിൽ ചിലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്.