ലഖ്‌നൗ: ഉത്തര്‍പ്രദേശ്, ഹരിയാന, ഒഡിഷ നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഫലം ബിജെപിക്ക് അനുകൂലം. യുപിയിലെ ലഖിംപൂർ ജില്ലയില്‍പ്പെട്ട ഗോല ഗോക്രനാഥിൽ ബിജെപി സ്ഥാനാർഥി അമൻ ഗിരി 34,298 വോട്ടുനേടി മണ്ഡലം നിലനിര്‍ത്തി. ബിജെപി എംഎല്‍എ അരവിന്ദ് ഗിരി മരിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ALSO READ| ബിഹാറിലെ മൊകാമ നിലനിര്‍ത്തി ആര്‍ജെഡി; നിതീഷിനെ തിരിച്ചടിക്കാനായില്ല, ബിജെപിയ്‌ക്ക് ഫലം നിരാശ
ഗോല ഗോക്രനാഥിൽ, മുഖ്യ എതിരാളിയായ സമാജ്‌വാദി പാര്‍ട്ടിയുടെ വിനയ് തിവാരിയാണ് രണ്ടാമതെത്തിയത്. മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്‍റെ 'കുടുംബ കോട്ടയായ' ഹരിയാനയിലെ ആദംപൂരിൽ അദ്ദേഹത്തിന്‍റെ ചെറുമകനും ബിജെപി നേതാവുമായ ഭവ്യ ബിഷ്‌ണോയി മണ്ഡലം പിടിച്ചു. പ്രധാന എതിരാളിയായ കോൺഗ്രസിന്‍റെ ജയ് പ്രകാശിനെ 15,740 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മലര്‍ത്തിയടിച്ചത്.
ഒഡിഷയിലെ ധാംനഗറിലും ബിജെപി മുന്നേറ്റം: ഒരു പാര്‍ട്ടിയുടെയും ഉറച്ച മണ്ഡലമല്ലാത്ത ഒഡിഷയിലെ ഭദ്രക് ജില്ലയിലുള്ള ധാംനഗര്‍ നിലനിര്‍ത്തി ബിജെപി. പാര്‍ട്ടിയുടെ സൂര്യബൻഷി സൂരജ്, ബിജു ജനതാദൾ പാര്‍ട്ടിയുടെ അബാന്തി ദാസിനെയാണ് പരാജയപ്പെടുത്തിയത്. 7,663 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സൂര്യബന്‍സി പെട്ടിയിലാക്കിയത്.
2009ലും 2014ലും സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ പാര്‍ട്ടിയായ ബിജെഡിയാണ് (ബിജു ജനതാദള്‍) മണ്ഡലം ഭരിച്ചിരുന്നത്. 2019ൽ ഈ സീറ്റ് ബിജെപിയുടെ ബിഷ്‌ണു പിടിച്ചെങ്കിലും 2022 സെപ്റ്റംബറിൽ അദ്ദേഹം മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.