ഹൈദരബാദ്/ന്യൂഡല്‍ഹി: തെലങ്കാന ടൂറിസം വികസന മന്ത്രി ശ്രീനിവാസ് ഗൗഡിനെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി പൊലീസ്. ഗൂഡാലോചനയില്‍ പങ്കാളികളായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തത് മുതിര്‍ന്ന ബിജെപി നേതാവും തെലങ്കാനയിലെ മഹമൂബനഗര്‍ മുന്‍ ലോകസഭാംഗവുമായ ജിതേന്ദ്ര റെഡ്ഡിയുടെ ഡല്‍ഹിയിലെ വസതിയിലെ സെര്‍വന്‍റ് കോര്‍ട്ടറില്‍ നിന്നാണെന്ന് പൊലീസ് പറഞ്ഞു.
ജിതേന്ദ്ര റെഡ്ഡിയുടെ ഡ്രൈവറും സഹായിയും ഗൂഢാലോചന സംഘത്തിന് താവളമൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കൊല നടത്താനായി 15 കോടിയാണ് വാഗ്ദാനം ചെയ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഡി.കെ അരുണയുടേയും ജിതേന്ദ്ര റെഡ്ഡിയുടെ അനുയായികള്‍ക്കുമുള്ള ബന്ധം അന്വേഷിച്ചുവരുന്നതായും കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍ ജിതേന്ദ്ര റെഡ്ഡിക്ക് സംഭവത്തില്‍ ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍ പൊലീസ് പ്രതികരിച്ചിട്ടില്ല. അതേസമയം ജിതേന്ദ്ര റെഡ്ഡിയും ഡി.കെ അരുണയും പ്രതികരണവുമായി രംഗത്തുവന്നു. ശ്രീനിവാസ് ഗൗഡിന്‍റെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടിയതിന്‍റെ പ്രതികാരമായിട്ടാണ് എട്ട് പേരെ സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ഇവരുടെ പ്രതികരണം.
ഫറൂഖ്, ഹൈദര്‍ അലി എന്ന രണ്ട് പേരെ സെക്കന്ദരാബാധില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയുടെ ചുരുള്‍ അഴിയുന്നതെന്നാണ് പൊലീസ് പറയുന്നത്. നാഗരാജ്, യാദയ്യ, വിശ്വനാഥ് എന്നിവരാണ് ഫറൂഖിനെ വധിക്കാന്‍ ശ്രമിച്ചത്. ഇവരെ അറസ്റ്റുചെയ്യുന്നത് കഴിഞ്ഞ ഫെബ്രവരി 26നാണ്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രാഗേവേന്ദ്ര രാജു, അമരേന്ദ്ര രാജു, മധുസൂധന്‍ രാജു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനിവാസ ഗൗഡിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കാര്യം മനസിലാകുന്നത്.
ഇവരെയാണ് പൊലീസ് ജിതേന്ദ്ര റെഡ്ഡിയുടെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ശ്രീനിവാസ ഗൗഡിനെ വധിക്കാനുള്ള ദൗത്യം മധുസൂധന്‍ രാജു ഏല്‍പ്പിക്കുന്നത് തന്‍റെ അനുയായിയായ നാഗരാജിനെയാണ്. തുടര്‍ന്ന് നാഗരാജ് ഫറൂഖിനെ സമീപിക്കുകയും മന്ത്രിയെ വധിക്കാന്‍ 15 കോടി വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ ഫറൂഖ് ഈ വിവരം ഹൈദറിനെ അറിയിച്ചു. രഹസ്യമായി വയ്ക്കാന്‍ ആവശ്യപ്പെട്ട കാര്യം ഫറൂഖ് ഹൈദറിനെ അറയിച്ച കാര്യം മനസിലാക്കിയപ്പോഴാണ് നാഗരാജുവിന്‍റെ നേതൃത്വത്തില്‍ ഫറൂഖിനെയും ഹൈദറിനേയും വധിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ALSO READ: പേപ്പര്‍ ബോള്‍ എറിഞ്ഞതില്‍ വഴക്ക് ; സഹപാഠികളുടെ മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു