ജയ്‌പൂർ : അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദോട്ടസാരയുടെ (Govind Singh Dotasara) വസതിയിൽ എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് (Enforcement Directorate Raid). 2022 ലെ സീനിയർ അധ്യാപക സെക്കന്‍റ് ഗ്രേഡ് യോഗ്യത പരീക്ഷയുടെ (Senior Teacher 2nd Grade Competitive Examination) ചോദ്യപേപ്പർ ചോർച്ചയുമായി ( Question Paper Leak) ബന്ധപ്പെട്ടാണ് റെയ്‌ഡ്. ജയ്‌പൂരിലെ സിവിൽ ലൈനിലുള്ള ദോട്ടസാരയുടെ ഔദ്യോഗിക വസതിയിലാണ് ഇന്ന് റെയ്‌ഡ് നടന്നത്.
നവംബർ 25 നാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ് നടന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് അടിയന്തര വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ 12 സ്ഥലങ്ങളിലാണ് ഇഡി റെയ്‌ഡ് നടത്തുന്നത്. ഈ മാസം ആദ്യം, ദിനേശ് ഖൊദാനിയ, അശോക് കുമാർ ജെയിൻ, സ്‌പർധ ചൗധരി, സുരേഷ് ധാക്ക തുടങ്ങിയവരുടെ ഏഴ് വസതികളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act ) നടത്തിയ പരിശോധനയിൽ നിരവധി കുറ്റാന്വേഷണ രേഖകൾ, വസ്‌തു വിൽപനയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, 24 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പബ്ലിക് സർവിസ് കമ്മിഷൻ അംഗം ബാബുലാൽ കത്താറയെയും അനിൽ കുമാർ മീണയെയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സെപ്‌റ്റംബറിൽ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ ജയ്‌പൂരിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തേയ്‌ക്ക് ഇഡി കസ്‌റ്റഡിയിൽ വാങ്ങി.
2022 ഡിസംബർ 21, 22, 24 തിയതികളിൽ രാജസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന അധ്യാപക യോഗ്യത പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബാബുലാൽ കത്താറയ്‌ക്ക് പങ്കുള്ളതായി തെളിഞ്ഞെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. കത്താറ ചോദ്യപേപ്പറുകൾ അനിൽകുമാർ മീണയ്‌ക്ക് വിറ്റെന്നും, മീണ പ്രസ്‌തുത പേപ്പറുകൾ ഭൂപേന്ദ്ര സരൺ, സുരേഷ് ധാക്ക തുടങ്ങി മറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾക്കും അതുവഴി എട്ട് മുതൽ 10 ലക്ഷം വരെ വാങ്ങി പരീക്ഷാർഥികൾക്കും നൽകിയതായും ഇഡി അവകാശപ്പെട്ടു. ബാബുലാൽ കത്താറയുടെയും അനിൽ മീണയുടെയും 3.11 കോടി രൂപ വിലമതിക്കുന്ന വസ്‌തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.