മുംബൈ: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടികളുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ്. അനിൽ ദേശ്‌മുഖിന്‍റെയും കുടുംബത്തിന്‍റെയും 4.21 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. മെയ് 11നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ദേശ്‌മുഖിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
1.54 കോടി രൂപ വില വരുന്ന ഫ്ലാറ്റ്, 2.67 കോടി വില വരുന്ന ഭൂമി എന്നിവയാണ് ഇ.ഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അനിൽ ദേശ്‌മുഖിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റ്, പേഴ്‌സണൽ സെക്രട്ടറി എന്നിവരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തിരുന്നു.
നാഗ്‌പൂരിലെയും മുംബൈയിലെയും ദേശ്‌മുഖിന്‍റെ വസതികളിൽ ഇഡി റെയ്‌ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് പേഴ്‌സണൽ അസിസ്റ്റന്‍റ് കുന്ദൻ ഷിൻഡെ, പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പാലന്ദെ എന്നിവരെ അറസ്റ്റ് ചെയ്‌തത്. അഞ്ച് ഇടങ്ങളിലാണ് റെയ്‌ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു.
അഴിമതി ആരോപണത്തെ തുടർന്ന് രാജി
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് ബാറുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നും പ്രതിമാസം 100 കോടി പിരിക്കാന്‍ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു പരം ബിർ സിങ്ങിന്‍റെ ആരോപണം. ആരോപണ വിധേയനായ ദേശ്‌മുഖ് മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.
READ MORE: ദേശ്‌മുഖിന്‍റെ അഴിമതി ആരോപണക്കേസ്: പേഴ്സണൽ അസിസ്റ്റന്‍റും പേഴ്സണൽ സെക്രട്ടറിയും അറസ്റ്റിൽ