ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്‌റ്റിലായ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ മനിഷ് സിസോദിയയെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കസ്‌റ്റഡിയില്‍ വിട്ട് കോടതി. 10 ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വിടണമെന്ന ഇ.ഡി ആവശ്യം പരിഗണിച്ച കോടതി എന്നാല്‍ മാര്‍ച്ച് 17 വരെയാണ് കസ്‌റ്റഡി അനുവദിച്ചത്. മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍ വച്ചാണ് സിസോദിയ വാങ്ങിയതെന്നറിയിച്ചായിരുന്നു ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ ഇ.ഡി 10 ദിവസത്തെ കസ്‌റ്റഡി ആവശ്യമുന്നയിച്ചത്.
കുറ്റപ്പെടുത്തലിന്‍റെ നീണ്ട ലിസ്‌റ്റുമായി ഇ.ഡി: ഇതിന് പിന്നിലെ കാരണം തിരിച്ചറിയാനും സമന്‍സ് അയച്ച മറ്റുള്ളവരോട് കാര്യങ്ങള്‍ തിരക്കാനും 10 ദിവസത്തെ കസ്‌റ്റഡി ആവശ്യമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കേസില്‍ ചോദ്യം ചെയ്‌ത മറ്റുള്ളവരില്‍ നിന്ന് വൈരുദ്ധ്യമായ മറുപടികളാണ് സിസോദിയയില്‍ നിന്ന് ലഭിക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കോടതിയില്‍ അറിയിച്ചു. വിജയ് നായര്‍ ഉള്‍പ്പടെയുള്ളവരെ ഏകോപിപ്പിച്ച് മദ്യനയം രൂപീകരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.ഡി അറിയിച്ചു. മൊത്തവ്യാപാരികള്‍ക്ക് അസാധാരണമായ ലാഭം കൊയ്യാന്‍ വേണ്ടിയാണ് മദ്യനയം കൊണ്ടുവന്നതെന്നും ഇ.ഡി വ്യക്തമാക്കി. മാത്രമല്ല മൊത്തവ്യാപാരികളുടെ 12 ശതമാനം ലാഭവിഹിതം സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണെന്ന് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും ഇ.ഡി കോടതിയില്‍ കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ 'രാഷ്‌ട്രീയത്തിലും' ചുറ്റി: വിജയ് നായരും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളായ കെ.കവിതയുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഇ.ഡി കോടതിക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു. മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനിഷ് സിസോദിയയും കെ.കവിതയും തമ്മില്‍ രാഷ്‌ട്രീയ ധാരണയുണ്ടായിരുന്നുവെന്ന് പ്രതിയായ ബുച്ചിബാബു ഗോരന്ത്‌ലയെ ചോദ്യം ചെയ്‌തപ്പോള്‍ മനസിലായെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം കവിതയുടെ മുന്‍ ഓഡിറ്ററായ ബുച്ചിബാബു നിലവില്‍ കേസില്‍ ജാമ്യത്തിലാണ്.
എതിര്‍ത്ത് സിസോദിയയുടെ അഭിഭാഷകന്‍: എന്നാല്‍ ഇ.ഡിയുടെ കസ്‌റ്റഡി ആവശ്യത്തെ സിസോദിയയുടെ അഭിഭാഷകന്‍ എതിര്‍ത്തു. പല തലങ്ങളിലൂടെ കടന്നുപോകുന്ന തരത്തില്‍ നയം രൂപീകരിക്കേണ്ടത് എക്‌സിക്യൂട്ടീവിന്‍റെ ജോലിയാണെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹം കസ്‌റ്റഡി ആവശ്യത്തെ എതിര്‍ത്തത്. മാത്രമല്ല നയം എക്‌സിക്യൂട്ടീവ് പരിശോധിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണറും മറ്റുള്ളവരും ഇത് അംഗീകരിച്ചതോടെ ഇത് നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കൈകാര്യം ചെയ്യുന്ന ഇ.ഡിക്ക് എങ്ങനെ നയം രൂപീകരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകുമെന്നും അഭിഭാഷകന്‍ കോടതിയില്‍ ചോദ്യമുന്നയിച്ചു.
'കേട്ടുകേള്‍വി'യില്‍ പിറന്ന കേസ്: സിസോദിയയുമായി ബന്ധപ്പെട്ട് നയാ പൈസ പോലും ഇ.ഡി കണ്ടെടുത്തിട്ടില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമം തന്നെ നിര്‍ദയമാണെന്നും ഇത് ഇവിടെ ഉപയോഗിച്ചത് എഎപിയുടെ രണ്ടാം സ്ഥാനക്കാരനെ ജയിലിലടക്കാന്‍ മാത്രമായിരുന്നുവെന്നും സിസോദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അഴിയിലായത് എങ്ങനെ: അതേസമയം ഡല്‍ഹി മദ്യനയക്കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് മനിഷ് സിസോദിയയെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവച്ചിരുന്നു. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു സിബിഐ കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ സിബിഐ തന്നോട് ഒരേ ചോദ്യം തന്നെ മണിക്കൂറുകളോളം ആവര്‍ത്തിച്ച് ചോദിക്കുകയാണെന്നായിരുന്നു കോടതിയില്‍ സിസോദിയയുടെ മറുപടി. ഇതിനെത്തുടര്‍ന്ന് സിസോദിയയെ ഡല്‍ഹി റോസ് അവന്യു കോടതി മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. അതിനിടെ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്യുന്നത്.