ചെന്നൈ: വേലച്ചേരിയിലെ റീപോളിങ്ങിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കുമെന്ന് തമിഴ്‌നാട് ചീഫ് ഇലക്‌ടറൽ ഓഫീസർ. തെരഞ്ഞെടുപ്പ് ദിവസം പോളിങ് ഉദ്യോഗസ്ഥരുടെ ബാഡ്‌ജ് ധരിച്ചവരുടെ പക്കൽ നിന്നും രണ്ട് വിവി പാറ്റ് മെഷീനുകൾ ഉൾപ്പെടെ നാല് വോട്ടിങ് മെഷീനുകൾ ബൈക്കിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വൻ വിവാദമാണ് തമിഴ്‌നാട്ടിൽ ഉയർന്നത്. പിടിച്ചെടുത്ത മെഷീനുകൾ പ്രവർത്തന രഹിതമായിരുന്നുവെന്നും 15 വോട്ടുകൾ മാത്രമാണ് മെഷീനിൽ രേഖപ്പെടുത്തിയിരുന്നതെന്നും ചീഫ് ഇലക്‌ടറൽ ഓഫീസർ സത്യാബ്രാത്ത് സാഹു പറഞ്ഞു.
ആദ്യത്തെ 15 മിനിട്ട് കഴിഞ്ഞപ്പോൾ മെഷീനുകളുടെ പ്രവർത്തനം നിലച്ചിരുന്നുവെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. എന്നാൽ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് വേലച്ചേരിയിൽ റീപോളിങ് നടത്തുന്നതിനെ കുറിച്ച് ഇസിഐ തീരുമാനമെടുക്കുമെന്നും സത്യാബ്രാത്ത് സാഹു പറഞ്ഞു. വിവി പാറ്റ് മെഷീനുകൾ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ഇസിഐക്ക് അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.