ന്യൂഡൽഹി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശം. പ്രധാനമന്ത്രിയുടെ ചിത്രം നൽകുന്നത് മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് തീരുമാനം. പെരുമാറ്റചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ കൊവിഡ് -19 വാക്സിൻ എടുക്കുന്നവർക്ക് നൽകിയ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം അച്ചടിക്കാതിരിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. കോ-വിൻ പ്ലാറ്റ്‌ഫോമിലൂടെ സൃഷ്ടിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബംഗാളിലെയും മറ്റ് വോട്ടെടുപ്പ് പരിധിയിലുള്ള സംസ്ഥാനങ്ങളിലെയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് കാണിച്ച് ടിഎംസി ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പാനലിനെ സമീപിച്ചിരുന്നു.