ദുൽഖർ സൽമാന്‍റെ (Dulquer Salmaan) ഏറ്റവും പുതിയ ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് വെബ് സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' (Guns and Gulaabs). അടുത്തിടെ 'സീരീസിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തിരുന്നു. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരീസിന്‍റെ ട്രെയിലര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.
ഇപ്പോഴിതാ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' ട്രെയിലര്‍ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ട്രെയിലറിന് ഇതുവരെ 3 കോടിയിലധികം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയിലറിനോടുള്ള എല്ലാ സ്നേഹത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍റെ പോസ്റ്റ്. പുതിയ പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ വെബ് സീരീസിലെ ദുല്‍ഖറുടെ കഥാപാത്രത്തിന്‍റെ ഗ്ലിംപ്‌സും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. സീരീസില്‍ ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍ വര്‍മ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
Also Read: Dulquer Salmaan| ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്: പിറന്നാള്‍ ദിനത്തില്‍ പ്രൊമോ വീഡിയോയുമായി ദുല്‍ഖര്‍
ഒരു കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലായാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' സീരീസ് ഒരുക്കിയിരിക്കുന്നത്. ഓഗസ്‌റ്റ് 18ന് നെറ്റ്‌ഫ്ലിക്‌സിലൂടെ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' റിലീസിനെത്തും.
നേരത്തെ പുറത്തുവിട്ട 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' പ്രൊമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 1970 കളിലെ ഗാനങ്ങൾ, വളരെ റൊമാന്‍റിക്കായ കമിതാക്കള്‍, ഗാങ്‌സ്‌റ്ററുകള്‍ എന്നിവയാല്‍ നിറഞ്ഞതായിരുന്നു 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' പ്രൊമോ വീഡിയോ. മോഷൻ പോസ്‌റ്റർ പോലെയായിരുന്നു നിര്‍മാതാക്കള്‍ പ്രൊമോ വീഡിയോ ഒരുക്കിയത്.
ദുല്‍ഖര്‍ സല്‍മാനെ കൂടാതെ രാജ്‌കുമാർ റാവു (Rajkummar Rao), ടിജെ ഭാനു (TJ Bhanu), ഗുൽഷൻ ദേവയ്യ (Gulshan Devaiah), ആദർശ് ഗൗരവ് (Adarsh Gourav) എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജും ഡികെയും ചേര്‍ന്നാണ് സീരീസിന്‍റെ സംവിധാനം. 'ദ ഫാമിലി മാൻ' (The Family Man), 'ഫർസി' (Farzi) എന്നീ ത്രില്ലർ വെബ് സീരീസുകളിലൂടെ രാജും ഡികെയും (Raj and DK) ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു.
അതേസമയം 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. പാന്‍ ഇന്ത്യന്‍ സിനിമയായാണ് 'കിംഗ് ഓഫ് കൊത്ത' റിലീസിനെത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.
'ലക്കി ഭാസ്‌ക്കര്‍' (Lucky Baskhar) ആണ് ദുല്‍ഖര്‍ സല്‍മാന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുല്‍ഖറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ പ്രഖ്യാപനം നടത്തിയത്. സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് 'ലക്കി ഭാസ്‌ക്കറു'ടെ നിര്‍മാണം. 'ലക്കി ഭാസ്‌ക്കറും' പാന്‍ ഇന്ത്യന്‍ ചിത്രമായാണ് റിലീസിനെത്തുന്നത്. ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.