ബഹ്‌റൈച്ച് (ഉത്തര്‍പ്രദേശ്) : മദ്യലഹരിയില്‍ നഗ്‌നനായി ക്ലാസ് മുറിയില്‍ ഉറങ്ങിയ പ്രധാന അധ്യാപകന് സസ്പെന്‍ഷന്‍. ഉത്തർപ്രദേശ് ബഹ്‌റൈച്ചിലെ (Bahraich) വിശേശ്വർഗഞ്ചിലുള്ള (Visheshwarganj) ഒരു സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ദുര്‍ഗ പ്രസാദ് ജയ്‌സ്വാളിനതിരെയാണ് നടപടി.
മദ്യപിച്ച് ഇയാള്‍ നഗ്‌നനായി ക്ലാസ് മുറിയില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. അതേസമയം, വൈറലായ വീഡിയോയുടെ സത്യാവസ്ഥ എന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
സസ്പെൻഷൻ നടപടി നേരിടുന്ന ദുര്‍ഗ പ്രസാദ് ജയ്‌സ്വാള്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. ജയ്‌സ്വാളിന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് നിർത്തിയതായും ചില രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചതിന്‍റ അടിസ്ഥാനത്തില്‍ ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തത്.
'ദുർഗ പ്രസാദ് ജയ്‌സ്വാളിനെതിരെ ഞങ്ങൾക്ക് ഒരു പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പ്രാഥമിക അന്വേഷണം നടത്തി. ഈ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തത്' -ബിഎസ്‌എ അവ്യക്ത് റാം തിവാരി പറഞ്ഞു.
ആവശ്യമെങ്കില്‍ സംഭവത്തില്‍ പ്രധാന അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ബിഎസ്‌എ അവ്യക്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. എഫ്‌ഐആര്‍ സമര്‍പ്പിച്ച ശേഷമെ തുടര്‍ നടപടികള്‍ ഉണ്ടാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
വാച്ച് മോഷ്‌ടിച്ചെന്ന് സംശയം, വിദ്യാര്‍ഥിയെ മര്‍ദിച്ച് പ്രിന്‍സിപ്പാളും അധ്യാപകനും: പ്രിന്‍സിപ്പാളിന്‍റെയും അധ്യാപകന്‍റെയും ക്രൂര മര്‍ദനത്തിനിരയായ ആറാം ക്ലാസുകാരന്‍റെ നെഞ്ചിലെ അസ്ഥി പൊട്ടി. ജാര്‍ഖണ്ഡിലെ പലമു ജില്ലയിലാണ് സംഭവം. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ചികിത്സയ്‌ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് മര്‍ദനവിവരം പുറം ലോകമറിയുന്നുത്.
തര്‍സി ബ്ലോക്കിലെ സെലരി ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. സ്‌കൂളിലെ അധ്യാപകന്‍ നിരഞ്ജന്‍ കുമാറിന്‍റെ വാച്ച് കാണാതായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടിയാണ് വാച്ച് മോഷ്‌ടിച്ചതെന്ന ആരോപണം ഇതിലുണ്ടായി.
ഇതിനെ തുടര്‍ന്നാണ് അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. സംഭവ സമയം സ്‌കൂളിലെ പ്രിന്‍സിപ്പാളും സ്ഥലത്തേത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നായിരുന്നു കുട്ടിയെ ആക്രമിച്ചത്.
ഇരുവരുടെയും മര്‍ദനത്തില്‍ കുട്ടിയുടെ നെഞ്ചിലെ അസ്ഥി പൊട്ടി. കുട്ടിയുടെ മാതാപിതാക്കള്‍ പലമു ഡിസിയ്‌ക്ക് പരാതി നല്‍കി. സമഗ്രമായ അന്വേഷണത്തിന് ശേഷമാകും അധ്യാപകര്‍ക്കെതിരെ നടപടി എടുക്കുക എന്ന് ഡിസി അറിയിച്ചിരുന്നു.
ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി തര്‍സി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജും സ്ഥിരീകരിച്ചു. സംഭവത്തില്‍ തങ്ങള്‍ക്ക് രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Also Read : Karnataka POCSO Case | കൗമാരക്കാരനെ രണ്ടുവര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്