ന്യൂഡല്‍ഹി: അലോപ്പതിയെക്കുറിച്ചുള്ള പരാമർശങ്ങളിൽ യോഗ ഗുരു രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ മാനനഷ്ട കേസ് നോട്ടീസ് ലഭിച്ചതായി പതഞ്ജലി യോഗ്‌പീഠ് സ്ഥിരീകരിച്ചു. നോട്ടീസിന് നിയമപരമായി “ഉചിതമായ മറുപടി” നൽകുമെന്നും അവര്‍ അറിയിച്ചു. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഋഷികളുടെയും തിരുവെഴുത്തുകളുടെയും മഹത്തായ അറിവിനെയും ശാസ്ത്രത്തെയും അപമാനിക്കാനും അവഗണിക്കാനും ആരെയും അനുവദിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അലോപ്പതിയെയും അലോപ്പതി ഡോക്ടർമാർക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയതിന് രാംദേവിനെതിരെ ഐഎംഎ ആറ് പേജുള്ള മാനനഷ്ട നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ 1,000 കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐഎംഎ (ഉത്തരാഖണ്ഡ്) സെക്രട്ടറി അജയ് ഖന്നയ്ക്ക് വേണ്ടി അഭിഭാഷകൻ നീരജ് പാണ്ഡെ നൽകിയ നോട്ടീസിൽ രാംദേവ് നടത്തിയ പരാമർശം അലോപ്പതിയുടെയും അതിന്‍റെ പരിശീലകരുടെയും പ്രശസ്തിക്കും പ്രതിച്ഛായയ്ക്കും ഹാനികരമാണെന്ന് പറയുന്നു. എല്ലാ ആരോപണങ്ങൾക്കും വിരുദ്ധമായ ഒരു വീഡിയോ ക്ലിപ്പ് നിർമ്മിക്കാനും അത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read More……..അറസ്റ്റ് ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് ബാബ രാംദേവ്
കൊവിഡ് മരുന്നായ കൊറോനിൽ കിറ്റിന്‍റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പിൻവലിക്കാൻ യോഗ ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ അറസ്‌റ്റ് ചെയ്യണമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളെ വെല്ലുവിളിച്ച് "അവരുടെ അച്‌ഛനു പോലും സ്വാമി രാംദേവിനെ അറസ്‌റ്റ് ചെയ്യാന്‍ കഴിയില്ല" എന്ന് പറയുന്ന വീഡിയോ അദ്ദേഹം പോസ്‌റ്റ് ചെയ്‌തിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ രാംദേവിന്‍റെ അറസ്‌റ്റ് ആവശ്യം ഉന്നയിച്ച് ഹാഷ്‌ടാഗ് പ്രചാരണം കൊഴുക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം. "അവര്‍ വെറുതേ ബഹളം വയ്‌ക്കുകയാണ്. തഗ് രാംദേവ്, മഹാതഗ് രാംദേവ്, രാംദേവിനെ അറസ്‌റ്റ് ചെയ്യൂ എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങളിലൂടെ കോലാഹലം കൂട്ടുന്നവര്‍ അറിയുക, നിങ്ങളുടെ പിതാക്കന്‍മാര്‍ വിചാരിച്ചാല്‍ പോലും എന്നെ അറസ്‌റ്റ് ചെയ്യാനാകില്ല"- വീഡിയോയില്‍ രാംദേവ് വെല്ലുവിളിച്ചു.
Read More…….വിവാദ പരാമർശം പിൻവലിച്ച് ബാബാ രാംദേവ്; പക്വതയാർന്ന തീരുമാനമെന്ന് ഹർഷ് വർധൻ
കൊവിഡ് മൂലം മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ആധുനിക വൈദ്യശാസ്‌ത്രത്തിന്‍റെ ചികിത്സമൂലം മരിച്ചിട്ടുണ്ടെന്ന് രാംദേവ് നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉള്‍പ്പെടെ ഇതിനെതിരേ രംഗത്ത്‌വന്നതോടെ അദ്ദേഹം പരാമര്‍ശം പിന്‍വലിച്ചു. കൊവിഡ് വാക്‌സിനേഷനെതിരേ പ്രചാരണം നടത്തുന്ന ബാബാ രാംദേവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുനല്‍കിയിട്ടുമുണ്ട്.