ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 63 ശതമാനം കുറഞ്ഞതായി കേന്ദ്ര സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. നിലവിൽ യാത്രക്കാരുടെ എണ്ണം 57 ലക്ഷത്തിൽ നിന്ന് 21 ലക്ഷത്തോളമായി മാറി. ഒരു മാസത്തിന് ശേഷം ഇന്ത്യൻ വ്യോമയാന മേഖലയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ശനിയാഴ്ച ഒരു ലക്ഷം കടന്നു.
also read:തെലങ്കാനയിൽ 1,492 പേർക്ക് കൂടി കൊവിഡ്: 13 മരണം
സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ 12 ന് 1,124 വിമാനങ്ങളിൽ 1,07,371 യാത്രക്കാർ യാത്ര ചെയ്തിരുന്നു. സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് മെയ് മാസത്തിൽ 64.0 ശതമാനം ഒക്യുപ്പൻസി നിരക്കാണുള്ളതെന്ന് ഡിജിസിഎ വ്യക്തമാക്കി.
ഗോഫസ്റ്റിന് 64.0 ശതമാനവും ഇൻഡിഗോയ്ക്ക് 51.2 ശതമാനവും എയർ ഏഷ്യയിൽ 44.4 ശതമാനവുമാണ് നിലവിലുള്ള ഒക്യുപ്പൻസി നിരക്ക്. 2021മെയ് മാസത്തിൽ യാത്രാ ഷെഡ്യൂളുമായി ബന്ധപ്പെട്ട് 338 പരാതികളാണ് വിമാനക്കമ്പനികൾക്ക് ലഭിച്ചത്. റീഫണ്ടുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളും ലഭിക്കുന്നത്.
വിമാനക്കമ്പനികളിൽ ഇൻഡിഗോയ്ക്കാണ് ഏറ്റവും കൂടുതൽ വിപണി വിഹിതം ലഭിച്ചത്. മെയ് മാസത്തിൽ ഇത് 55.3 ശതമാനമായിരുന്നു. ഏപ്രിലിൽ ഇത് 53.9 ശതമാനമായിരുന്നു. എയർ ഇന്ത്യക്ക് 20.3 ശതമാനവും സ്‌പൈസ് ജെറ്റിന് 9.4 ശതമാനവുമാണ് നിലവിൽ ലഭിക്കുന്ന വിപണി വിഹിതം.