ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കടിച്ച് വലിച്ച് നായകൾ. ശ്‌മശാനങ്ങളിൽ പകുതി കത്തിയ മൃതദേഹ ഭാഗങ്ങൾ നായകൾ കടിച്ചു വലിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മരണ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പൂർണമായും സംസ്‌കരിക്കാതെ മറ്റ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതാണ് നിലവിലെ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
മൃതദേഹങ്ങൾ സംസ്‌കരിച്ച ശേഷം പകുതി കത്തി അവശേഷിക്കുന്ന വിറക് മറ്റ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിനായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ഇങ്ങനെ വിറകുകൾ നീക്കുന്നത് പകുതി കത്തിയ മൃതദേഹങ്ങൾ ചിതയിൽ അവശേഷിക്കുന്നതിന് കാരണമാകുന്നു. സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക ശ്‌മശാനങ്ങളിലാണ് ഈ അവസ്ഥ. സമാനമായ സംഭവങ്ങൾ കർണാടകയിലെ ചമരാജ്‌പേട്ടിൽ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.