മുംബൈ: മഹാരാഷ്ട്രയിലെ സംഗലി ജില്ലയില്‍ രോഗി മരിച്ചിട്ടും ചികിത്സ തുടര്‍ന്ന ഡോക്ടര്‍ അറസ്റ്റില്‍. ഇസ്ലാംപൂര്‍ ആധാര്‍ ഹെല്‍ത്ത് കെയറിലെ ഡോക്ടര്‍ യോഗേഷ് രങ്കരാവു വതാര്‍ക്കര്‍ ആണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ്, മൃതദേഹത്തെ അവഹേളിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കസഗോണ്‍ സ്വദേശി സലിം ഹമീദ് ഷെയ്ഖ് ആണ് പരാതി നല്‍കിയത്. ഫെബ്രുവരി 24നാണ് സലിമിന്‍റെ അമ്മ സൈറയെ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. യോഗേഷ് ആയിരുന്നു സൈറയെ ചികിത്സിച്ചിരുന്നത്. ചികിത്സയിലിരിക്കെ മാര്‍ച്ച് 8ന് ഇവര്‍ മരിച്ചു. എന്നാല്‍ രോഗി മരിച്ച വിവരം ഡോക്ടര്‍മാര്‍ ബന്ധുക്കളില്‍ നിന്ന് മറച്ച് വച്ച് ചികിത്സ തുടര്‍ന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. 41,289 രൂപയുടെ ബിൽ അടയ്ക്കാനും സലിമിനോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് 8ന് സൈറ മരിച്ചതായി ഇസ്ലാംപൂർ മുനിസിപ്പൽ കൗൺസിലിന്‍റെ മരണ സർട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മറച്ച് വച്ച് ചികിത്സ തുടര്‍ന്നത് കൂടുതല്‍ പണം തട്ടാൻ വേണ്ടിയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കുകയായിരുന്നു.
Also Read: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ ; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു