ബെംഗളൂരു: താന്‍ ഉള്‍പ്പടെ ആരും പരസ്യ പ്രസ്‌താവനകള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചു. പാർട്ടി വിഷയങ്ങളിൽ തുറന്ന പ്രസ്‌താവന നടത്തരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇത് പാർട്ടിയേയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. മാധ്യമങ്ങളുടെ കെണിയിൽ വീഴരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.
പരസ്യ പ്രസ്‌താവനകള്‍ വേണ്ട: അധികാരം പങ്കിടുന്നതിനെ കുറിച്ചുള്ള സംസാരം നടന്നിട്ടില്ല. അഞ്ച് വർഷത്തേക്ക് ജനങ്ങളാണ് ഞങ്ങൾക്ക് അധികാരം തന്നത്. ഞങ്ങൾ ആ ഉറപ്പ് പാലിക്കും. തുറന്ന പ്രസ്‌താവനകൾ കൊണ്ട് അവരുടെ ഭാവിയും പാര്‍ട്ടിയുടെ ഭാവിയും നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നിലെ മുന്നൊരുക്കങ്ങളെ കുറിച്ചും ഡികെ ശിവകുമാര്‍ മനസുതുറന്നു.
തെരഞ്ഞെടുപ്പിനൊരുങ്ങി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ല തിരിച്ചുള്ള പാനൽ ഉണ്ടാക്കാൻ ഞങ്ങൾ മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇവരില്‍ ചിലർ സ്ഥാനാർഥികളുടെ പട്ടിക നൽകി. മറ്റു ചിലർ ഞങ്ങൾക്ക് റിപ്പോർട്ട് നൽകിയിട്ടില്ല. അവർ കൂടി സ്ഥാനാർഥികളുടെ പട്ടിക നൽകിയ ശേഷം തങ്ങൾ ഒരു സർവേ നടത്തുമെന്നും വോട്ടർമാരെ കുറിച്ച് പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശനിയാഴ്‌ച (04.11.2023) രാവിലെ പ്രഭാതഭക്ഷണ സമയത്താണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിമാരുടെ യോഗം നടന്നത്. മുഖ്യമന്ത്രിപദം വച്ചുമാറുന്നത് സംബന്ധിച്ചും തന്‍റെ പ്രസ്‌താവനയെ തുടർന്നുണ്ടായ ആശയക്കുഴപ്പം തീർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായാണ് സിദ്ധരാമയ്യ മന്ത്രിമാരുടെ യോഗം വിളിച്ചതെന്നാണ് സൂചന. യോഗത്തില്‍ നിരവധി മന്ത്രിമാരും പങ്കെടുത്തിരുന്നു.
മുഖ്യന്‍ സാക്ഷി, ഉപമുഖ്യന്‍ ഉദ്‌ഘാടകന്‍: മന്ത്രിമാരുടെ യോഗത്തിന് ശേഷം കാവേരിയിൽ പുതിയ കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നടന്നു. എന്നാല്‍ ഉദ്‌ഘാടന ചടങ്ങ് കൗതുകങ്ങള്‍ നിറഞ്ഞതായിരുന്നു. കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് നിര്‍വഹിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താങ്കളാണ് കെപിസിസി അധ്യക്ഷനെന്നും അതുകൊണ്ട് താങ്ങള്‍ തന്നെ ഉദ്‌ഘാടനം നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യ ഉദ്‌ഘാടനത്തിനായി കത്രിക ഡികെ ശിവകുമാറിന് കൈമാറിയത്.
മാത്രമല്ല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍റെ കൈകള്‍ കൊണ്ട് ഉദ്‌ഘാടനം നടക്കുന്നത് തന്നെയാണ് പാര്‍ട്ടിക്ക് നല്ലതെന്നും ആഭ്യന്തരമന്ത്രി പരമേശ്വറും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഡികെ ശിവകുമാര്‍ കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു.