നെല്ലൂര്‍(ആന്ധ്രാപ്രദേശ്): യുവതിക്ക് ചികിത്സ നല്‍കുന്നതില്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ 15 ലക്ഷം രൂപ രോഗിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ശ്രീ പോറ്റി ശ്രീരാമുലു നെല്ലൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്‍റ് ജിങ്കറെഡ്ഡി ശേഖർ. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ തുടര്‍ന്നായിരുന്നു പ്രസിഡന്‍റ് ജിങ്കറെഡ്ഡി ശേഖറിന്‍റെ ഉത്തരവ്. ശസ്‌ത്രക്രിയയുടെ സമയം കോട്ടണ്‍ സ്‌പോഞ്ച് യുവതിയുടെ വയറ്റില്‍ വച്ച് തുന്നിക്കെട്ടി എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
2015ല്‍ എസ് പേട്ട സ്വദേശിനിയായ ഷെയ്‌ക്ക് രസില്ല ഭാനു പ്രസവത്തിനായി വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ അഡ്‌മിറ്റായിരുന്നു. 2015 നവംബര്‍ 17ന് യുവതിയുടെ ശസ്‌ത്രക്രിയ നടന്നു. ചികിത്സയ്‌ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങിയ യുവതിക്ക് നിരന്തരം വയറുവേദന അനുഭവപ്പെട്ടു.
തുടര്‍ന്ന് ഹൈദരാബാദ്, വിജയവാഡ, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒന്‍പത് ആശുപത്രികളില്‍ നിന്ന് ചികിത്സ തേടിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവില്‍ 2017 ജൂണ്‍ 17ന് നെല്ലൂര്‍ കിംസ് ആശുപത്രിയില്‍ ഇവര്‍ അഡ്‌മിറ്റായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 18x17 സെന്‍റിമീറ്റര്‍ വലിപ്പത്തിലുള്ള ട്യൂമര്‍ കണ്ടെത്തുകയും ശസ്‌ത്രക്രിയയിലൂടെ അത് നീക്കം ചെയ്യുകയും ചെയ്‌തു. തനിക്ക് ചികിത്സ നല്‍കുന്നതില്‍ പിഴവ് വരുത്തിയെന്നും ആരോഗ്യ സ്ഥിതി വഷളാക്കിയെന്നും ചൂണ്ടികാട്ടി രസില്ല, നെല്ലൂര്‍ ഉപഭോകൃത കമ്മിഷന് പരാതി നല്‍കുകയും നഷ്‌ടപരിഹാരമായി 19.90 ലക്ഷം രൂപ ആശുപത്രി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
പരാതിയെ തുടര്‍ന്ന് ഉപഭോകൃത കമ്മിഷന്‍ ശസ്‌ത്രക്രിയ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചപ്പോഴാണ് രസില്ലയുടെ വയറ്റില്‍ കോട്ടണ്‍ സ്‌പോഞ്ച് മറന്നുവച്ച് തുന്നിക്കെട്ടിയതാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതരോട് 15 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെടുകയായിരുന്നു. 45 ദിവസത്തിനുള്ളില്‍ തുക യുവതിക്ക് നല്‍കിയില്ല എങ്കില്‍ തുകയോടൊപ്പം ഒന്‍പത് ശതമാനം പലിശയും വിധി പുറപ്പെടുവിച്ച ദിവസം മുതല്‍ നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവട്ടു.