തിരുവനന്തപുരം: യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്‍റ് പ്രോഗ്രാം (UNEP), ലോകാരോഗ്യ സംഘടന (WHO) എന്നിവയുമായി സഹകരിച്ച് വിജ്ഞാന ശിൽപശാല സംഘടിപ്പിക്കാനൊരുങ്ങി കേരള ഡിജിറ്റൽ സർവകലാശാല. 'ദുരന്ത നിവാരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഏകീകരണം' എന്ന വിഷയത്തിൽ രണ്ടാഴ്‌ചത്തെ വിജ്ഞാന ശിൽപശാല സംഘടിപ്പിക്കാനാണ് ഡിജിറ്റൽ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. മെയ് 16ന് ആരംഭിക്കുന്ന ശിൽപശാല മെയ് 27ന് സമാപിക്കും.
സാങ്കേതികവിദ്യയിലൂടെ ദുരന്ത നിവാരണം: ദുരന്തങ്ങളെ ചെറുക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിശാലമായ ഉപയോഗത്തിന് തടസമാകുന്ന കഴിവുകളുടെ അഭാവവും ധാരണക്കുറവും പരിഹരിക്കുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. ബ്രിട്ടീഷ് കൗൺസിലിന്‍റെ ഗോയിങ് ഗ്ലോബൽ പാർട്‌ണർഷിപ്പ് എക്‌സ്‌പ്ലോറേറ്ററി ഗ്രാന്‍റിന്‍റെ സഹായത്തോടെ, കേരള ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ സിന്നു സൂസൻ തോമസ്, യുകെയിലെ സതാംപ്‌റ്റൺ യൂണിവേഴ്‌സിറ്റി ലെക്‌ചറർ എഡിൽസൺ കെ. അറുഡ എന്നിവരുടെ സഹകരണത്തിന്‍റെ ഭാഗമായാണ് ശിൽപശാല.
നാലാമത്തെ വ്യാവസായിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഡിജിറ്റൽ സാങ്കേതിക വിപ്ലവം മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അമ്പരപ്പിക്കുന്ന മുന്നേറ്റമുണ്ടാക്കിയിട്ടും ദുരന്തനിവാരണത്തിലും ദുരന്തസാധ്യത കുറയ്ക്കുന്നതിലും ഇതിന്‍റെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് യുഎൻഇപി അഭിപ്രായപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങി ദുരന്തനിവാരണത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ താൽപര്യമുള്ള ഏതൊരു വ്യക്തിയുടെയും ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യവും ശിൽപശാല മുന്നോട്ടുവയ്‌ക്കുന്നു.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സങ്കീർണതകളെ കുറിച്ച് പ്രേക്ഷകരുടെ ധാരണ ആഴത്തിലാക്കാനും ഈ മേഖലയിൽ വിവേകപൂർണമായ തീരുമാനങ്ങൾ എടുക്കുന്നതിന് അവരെ സജ്ജരാക്കാനും പരിപാടി സഹായിക്കുന്നു.