ധൻബാദ്: ജാർഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. ധൻബാദിലെ പ്രധൻഖന്ത റെയിൽവേ സ്‌റ്റേഷന് സമീപം അടിപ്പാത നിർമാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് മരണപ്പെട്ടത്. ആറ് തൊഴിലാളികൾ മണ്ണിനടിയില്‍ പെട്ടിരുന്നെങ്കിലും മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്താനായി.
നിരഞ്ജൻ മഹതോ, പപ്പു കുമാർ മഹതോ, വിക്രം കുമാർ മഹതോ, സൗരഭ് കുമാർ ധീവാർ എന്നിവരാണ് മരിച്ച തൊഴിലാളികളെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ധൻബാദ് ഡിവിഷനു കീഴിലുള്ള പ്രദേശമായ ഛതാകുളി ഗ്രാമത്തിലാണ് സംഭവം.
ഒരു ഗുഡ്‌സ് ട്രെയിൻ കടന്നുപോയതിന് ശേഷമാണ് അപകടം നടന്നതെന്ന് ചില ദൃക്‌സാക്ഷികൾ പറഞ്ഞു. റെയിൽവേ ട്രാക്കിന് 10 അടി താഴ്ചയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മേലേക്കാണ് കൂറ്റന്‍ മണ്‍കൂന പതിച്ചതെന്നും ഇവര്‍ പറഞ്ഞു.
അപകടത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മുതിർന്ന ഡിസിഎം അഖിലേഷ് പാണ്ഡെ പറഞ്ഞു. അന്വേഷണത്തിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാർ ആരായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരമറിഞ്ഞ് ഡിആർഎം ആശിഷ് ബൻസാൽ, ആർപിഎഫ് അസിസ്റ്റന്‍റ് കമാൻഡന്‍റ്, റെയിൽവേ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെ അപകടസ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു.