ന്യൂഡല്‍ഹി: ജനുവരി 26 ന് നടന്ന ട്രാക്‌ടര്‍ റാലി കേസില്‍ ഡിസംബറില്‍ മരിച്ച കര്‍ഷകനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ഡിസംബര്‍ 31ന് മരിച്ച ജഗീര്‍ സിംഗ് എന്ന കര്‍ഷകനെതിരെയാണ് ഡല്‍ഹി പൊലീസിന്‍റെ വിചിത്ര നടപടി. ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ പങ്കെടുത്തെന്നാരോപിച്ച് പഞ്ചാബില്‍ നിന്നുള്ള ജഗീര്‍ സിംഗ്, സുര്‍ജീത്ത് സിംഗ്, ഗുരുചരണ്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് ഫെബ്രുവരി 23ന് നോട്ടീസ് അയച്ചത്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിശദീകരണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. റാലിയില്‍ ഉപയോഗിച്ച പിബി 27 6306 എന്ന ട്രാക്‌ടര്‍ പഞ്ചാബ് രജിസ്റ്ററി അതോറിറ്റിയുടെ രേഖയില്‍ ഇവരുടെ മൂന്നു പേരുടേയും പേരിലായിരുന്നെന്നും അതിനാലാണ് നോട്ടീസ് നല്‍കിയതെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം. കര്‍ഷക പ്രക്ഷോഭത്തില്‍ ഈ മൂന്ന് കര്‍ഷകരും സജീവമായിരുന്നെന്നും റിപ്പപ്ലിക് ദിനത്തില്‍ ഇവരുടെ ട്രാക്‌ടറും റാലിലുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ മുതല്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് റിപ്പപ്ലിക് ദിനത്തില്‍ ട്രാക്‌ടര്‍ റാലി സംഘടിപ്പിച്ചത്. എന്നാല്‍ ഡല്‍ഹിയിലേക്ക് ആരംഭിച്ച റാലിയില്‍ സംഘര്‍ഷമുണ്ടാകുകയും നിശ്ചയിച്ചതിന് വിപരീതമായി പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുകയുമായിരുന്നു. പൊലീസ് പ്രക്ഷോഭകരെ തടയാന്‍ ശ്രമിച്ചതോടെ വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.