കൗശാംബി (ഉത്തർ പ്രദേശ്): ബ്രഹ്‌മപുത്ര മെയിൽ കാളയെ ഇടിച്ചതിനെ തുടർന്ന് ഡല്‍ഹി - ഹൗറ റൂട്ടില്‍ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു. ഉത്തർ പ്രദേശിലെ ഭർവാരി റെയിൽവെ സ്‌റ്റേഷന് സമീപത്ത് വച്ചാണ് അപകടം. ഇന്നലെ(29.07.2022) രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
അപകടത്തെ തുടർന്ന് 10 മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ബ്രഹ്‌മപുത്ര മെയിലാണ് കാളയെ ഇടിച്ചത്. അപകടത്തെ തുടർന്ന് ഡൽഹി-ഹൗറ റെയിൽ പാതയിലെ ഉപകരണങ്ങൾ തകർന്നു.
തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബ്രഹ്‌മപുത്ര മെയിലിന്‍റെ എൻജിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് ലിച്ചാവി എക്‌സ്‌പ്രസ്, മഹാബോധി എക്‌സ്‌പ്രസ്, പുരുഷോത്തം എക്‌സ്‌പ്രസ് തുടങ്ങി നിരവധി പ്രധാന ട്രെയിനുകൾ റദ്ദാക്കി.
പ്രയാഗ്‌രാജിൽ നിന്നും സംഭവ സ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥർ ലൈൻ നന്നാക്കി. ഇന്ന് രാവിലെയാണ്(30.07.2022) ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.