ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് 12നും 17നുമിടെ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷന്‍ നൽകണമെന്ന് ഡൽഹി ഹൈക്കോടതി. ഇത് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും കോടതി നോട്ടീസയച്ചു. ചെറിയ കുട്ടികളുള്ള മാതാപിതാക്കൾക്ക് വാക്സിനേഷനിൽ പ്രത്യേക മുന്‍ഗണന നൽകണമെന്നും ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നോട്ടീസയച്ചത്. ടിയ ഗുപ്ത, രോമ രഹേജ എന്നീ കുട്ടികൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
കുട്ടികൾക്ക് കൊവിഡ് വാക്സിനുകൾ നൽകണം. അവരുടെ മാതാപിതാക്കളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണം. കൂടാതെ ഡൽഹിയിൽ താമസിക്കുന്ന കുട്ടികൾക്ക് ഉചിതമായ വാക്സിൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നും അത് വേഗത്തിൽ ലഭ്യമാക്കണമെന്നും ഹർജിയിൽ പറയുന്നു. പകർച്ചവ്യാധിയിൽ നിന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒരു സമഗ്ര ദേശീയ പദ്ധതി ആവിഷ്‌കരിക്കണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു.
Also read: കുത്തനെ കുറഞ്ഞ് കൊവിഡ്; രാജ്യത്ത് 1.86 ലക്ഷം പേർക്ക് കൂടി രോഗബാധ