ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് സൈന്യത്തിന്‍റെ സഹായം തേടിയ ഡൽഹി സർക്കാറിന്‍റെ ആവശ്യത്തിന് മറുപടി നൽകാൻ കേന്ദ്രത്തോടാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. കൊവിഡ് ആശുപത്രികളിലേക്കും നിരീക്ഷണ സംവിധാനങ്ങളിലേക്കും തടസമില്ലാതെ ഓക്സിജൻ വിതരണം ലഭ്യമാക്കുന്നതിന്‍റെ നിയന്ത്രണം സൈന്യത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഡൽഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹർജി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ഓക്സിജൻ ലഭ്യത, വിതരണം എന്നിവ ഉറപ്പുവരുത്തുന്ന ചുമതല സൈന്യത്തിന് കൈമാറണം. ഇത്തരം അവശ്യ സേവനങ്ങൾ കൈകാര്യം ചെയ്യാൻ അവിടെ മറ്റാരുമില്ലെന്ന് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഡൽഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റയാണ് ഡൽഹി സർക്കാറിന് വേണ്ടി ഹാജരായത്.
ഓക്സിജൻ വിതരണം സമയോചിതമായി നടപ്പാക്കാൻ സൈന്യത്തെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കത്തെഴുതിയിട്ടുണ്ട്. ആശുപത്രിയുടെ നിയന്ത്രണം ജില്ല മജിസ്ട്രേറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ദ്വാരക ആശുപത്രി അധികൃതർ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ആശുപത്രികളുടെ പ്രവർത്തനം ഒന്നടങ്കം തകിടം മറിഞ്ഞിരിക്കുകയാണ് . പല ആശുപത്രികളിലും ഓക്സിജൻ ക്ഷാമവും കിടക്കകളുടെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്.ഓക്സിജൻ ലഭ്യമല്ലാത്ത കാരണത്താൽ ശനിയാഴ്ച മാത്രം മുതിർന്ന ഡോക്ടർമാര്‍ അടക്കം 12 കൊവിഡ് രോഗികളാണ് ബത്ര ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത് .