ന്യൂഡൽഹി: ജൂൺ മാസത്തിൽ കൊവാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അർഹരായ 18 മുതൽ 44 വയസ് വരെ പ്രായമായവർക്ക് മാത്രമേ നൽകാവു എന്ന് ഡൽഹി സർക്കാർ. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികൾക്കും നഴ്‌സിങ് ഹോമുകൾക്കും ഉത്തരവ് ബാധകമാണെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. 18-44 വയസുകാരിൽ കൊവിഡ് വാക്‌സിനേഷൻ നിർത്തിവെച്ച നടപടി കോടതി ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
Also Read: ഭാരത് ബയോടെക്ക് കൊവാക്‌സിൻ: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം ആരംഭിച്ചു
18 മുതൽ 44 വയസുവരെയുള്ളവരുടെ വാക്‌സിനേഷൻ പുനരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്‍റെ പക്കൽ ശേഷിക്കുന്ന വാക്‌സിന്‍ ഒന്നാം ഡോസിനുവേണ്ടി മാറ്റിവച്ചാല്‍ പിന്നീട് രണ്ടാം ഡോസുകാര്‍ക്ക് നല്‍കുക ബുദ്ധിമുട്ടാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Also Read: തെലങ്കാന ആശ്വാസതീരത്തേക്ക്: കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്, രോഗ മുക്തി നിരക്കില്‍ വര്‍ധന
മെയ് മാസത്തിൽ കൊവാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം ആയെങ്കിലും മതിയായ വാക്‌സിൻ ഡോസുകൾ ലഭ്യമല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വാക്‌സിൻ ഡോസുകളുടെ ക്ഷാമം മൂലം 18നും 44നും ഇടയിൽ പ്രായമായവരുടെ കൊവിഡ് വാക്‌സിനേഷൻ കഴിഞ്ഞ ഏതാനം ആഴ്‌ച്ചകളായി രാജ്യ തലസ്ഥാനത്ത് നിർത്തി വെച്ചിരിക്കുകയായിരുന്നു.