ന്യൂഡല്‍ഹി: നിബന്ധനകള്‍ വച്ച് ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടുള്ള പ്രതിഷേധം രേഖപ്പെടുത്തി കര്‍ഷക നേതാക്കള്‍. നിബന്ധനകളോടെയാണ് അമിത് ഷാ ചര്‍ച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. അത് ശരിയായ നടപടിയല്ല. തുറന്ന ഹൃദയത്തോടെ നിബന്ധനകളില്ലാതെ വേണമായിരുന്നു ചര്‍ച്ചയ്‌ക്ക് വിളിക്കാൻ. നാളെ കര്‍ഷക നേതാക്കളുടെ യോഗം ചേരുന്നുണ്ട്. അതിനു ശേഷം നിലപാട് അറിയിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയന്‍ പഞ്ചാബ്, പ്രസിഡന്‍റ് ജഗ്‌ജിത് സിങ് പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ഉടന്‍ ചര്‍ച്ച നടത്താമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. പ്രക്ഷോഭം നടത്താന്‍ പൊലീസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. പൊലീസ് നിർദേശം അനുസരിച്ച് ഒരു വിഭാഗം കർഷകർ ബുറാഡി നിരങ്കരി മൈതാനത്തേക്ക് പ്രതിഷേധം മാറ്റിയെങ്കിലും സിംഗു അതിർത്തിയിലെ കർഷകർ അവിടെ നിന്ന് മാറാൻ തയാറായിട്ടില്ല. ജന്തർ മന്തറിലോ, രാം ലീല മൈതാനത്തോ സമരം സംഘടിപ്പിക്കാൻ അവസരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.