ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഡൽഹിയിലെ സഫ്‌ദർജംഗിൽ താപനില 1.9 ഡിഗ്രി രേഖപ്പെടുത്തി. അയനഗറിൽ 2.6ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മൂടൽമഞ്ഞ് കാരണം നിരവധി ട്രെയിനുകൾ വൈകി ഓടുകയാണ്. വടക്കൻ മേഖലയിൽ 42 ട്രെയിനുകൾ വൈകി ഓടുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ഡൽഹി വിമാനത്താവളം വഴിയുള്ള 20 വിമാനങ്ങളും വൈകി.
ലഖ്‌നൗവിലും സിലിഗുരിയിലും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ ശീത തരംഗം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഹരിയാന, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്തോ-ഗംഗ സമതലങ്ങളിൽ നേരിയ കാറ്റും ഈർപ്പവും തുടരുന്നതിനാൽ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രാവിലെയും രാത്രിയും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.