ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം Delhi air pollution രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ രീതിയിലേക്ക് മാറ്റണമെന്ന് നിർദേശം. സ്‌കൂൾ, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ രീതിയിലേക്ക് പഠനരീതി മാറ്റണമെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് കമ്മിഷൻ നിർദേശിച്ചു.
തലസ്ഥാനത്തും അതിർത്തി പ്രദേശങ്ങളിലുമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ളവ നവംബർ 21 വരെ നിർത്തിവക്കാനും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, മെട്രോ റെയിൽ കോർപറേഷൻ സേവനങ്ങൾ, വിമാനത്താവളങ്ങൾ, അന്തർ സംസ്ഥാന ബസ് ടെർമിനലുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നിർത്തി വക്കണമെന്നും ദേശീയ സുരക്ഷ, പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രണ മാനദണ്ഡങ്ങളോടെയും മാലിന്യ സംസ്‌കരണ നിയമങ്ങൾ പാലിച്ചും നടപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
താപനിലയങ്ങൾക്കും നിയന്ത്രണം
ഡൽഹിയിലെ 11 താപ വൈദ്യുത നിലയങ്ങളിൽ അഞ്ച് നിലയങ്ങൾക്ക് മാത്രമാണ് നവംബർ 30 വരെ പ്രവർത്തനാനുമതിയുള്ളത്. ആറ് നിലയങ്ങളുടെ പ്രവർത്തനം നിർത്തി. ഞായറാഴ്‌ച വരെ അവശ്യ വസ്‌തുക്കൾ ഒഴികെയുള്ള ട്രക്കുകൾ ഡൽഹിയിൽ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും എൻസിആർ മേഖലകളിലെ ഉദ്യോഗസ്ഥരുമായും കമ്മിഷൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഡൽഹിയിലെ വായുമലിനീകരണം സംബന്ധിക്കുന്ന കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.
'വർക്ക് ഫ്രം ഹോം മോഡ്'
ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ സർക്കാരുകൾ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് ഞായറാഴ്‌ച വരെ വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം മോഡിലേക്ക് മാറുന്നതിനായുള്ള പ്രോത്സാഹനമെന്നോണമാണ് ഈ തീരുമാനം. പത്തും പതിനഞ്ചും വർഷം പഴക്കം ചെന്ന ഡീസൽ, പെട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങരുതെന്നും ഇതിനായി പ്രത്യേകം ശ്രദ്ധ നൽകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്‌ച മുതൽ ഒരാഴ്‌ചത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ ഡൽഹി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
READ MORE: Delhi Pollution: അതിര്‍ത്തിയിലും ലോക്ക്‌ഡൗണ്‍ വേണമെന്ന് ഡല്‍ഹി സര്‍ക്കാര്‍