ന്യൂഡൽഹി: ഗ്യാൻവാപി പള്ളി (Gyanvapi Mosque) പരിസരത്ത് നടക്കുന്ന പുരാവസ്‌തു വകുപ്പിന്‍റെ ശാസ്‌ത്രീയ പരിശോധന സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സർവേ നടത്തുമ്പോൾ പള്ളിയുടെ ഘടനയ്‌ക്ക് യാതൊരു തരത്തിലുമുള്ള കേടുപാടുകളും സംഭവിക്കില്ലെന്ന് എ.എസ്.ഐ (Archaeological Survey of India) നൽകിയ ഉറപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി ഉത്തരവ്.
17-ാം നൂറ്റാണ്ടിൽ ക്ഷേത്രം പൊളിച്ചാണോ പള്ളി പണിതതെന്ന് നിർണയിക്കാനാണ് പുരാവസ്‌തു വകുപ്പ് ശാസ്‌ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. ആവശ്യം ന്യായമാണെന്ന് കണ്ട അലഹബാദ് ഹൈക്കോടതി ഇതിന് അനുമതിയും നൽകിയിരുന്നു. ഇത് നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ഖനനം പാടില്ല: അതേസമയം, സർവേ നടത്തുന്ന സമയത്ത് യാതൊരുവിധ അധിനിവേശ പ്രവർത്തനങ്ങളും ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ അലഹബാദ് ഹൈക്കോടതി നിർദേശിച്ചത് പോലെ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഖനനം നടത്തുകയോ കെട്ടിടം നശിപ്പിക്കുകയോ ചെയ്യാൻ പാടില്ലെന്നും സുപ്രീം കോടതി ആവർത്തിച്ചു.
സർവേയും സ്‌റ്റേയും : ജൂലൈ 21 ന് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്‌ജിദ് പരിസരത്ത് ശാസ്‌ത്രീയ പരിശോധന നടത്താൻ പുരാവസ്‌തു വകുപ്പിന് വാരാണസി കോടതി അനുമതി നൽകിയിരുന്നു. മസ്‌ജിദിന്‍റെ പരിസരത്ത് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സ്ഥലത്തൊഴികെ പരിശോധന നടത്താനായിരുന്നു കോടതി ഉത്തരവ്. ഈ സർവേയുടെ റിപ്പോർട്ട് ഓഗസ്‌റ്റ് നാലിനകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ജൂലൈ 24ന് സർവേ ആരംഭിക്കുകയും ചെയ്‌തു. എന്നാൽ, ജില്ല കോടതി ഉത്തരവിനെതിരെ മസ്‌ജിദ് നിയന്ത്രിക്കുന്ന അഞ്‌ജുമൻ ഇന്‍റെസാമിയ കമ്മിറ്റി നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുകയും ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്‌തു. ജില്ല കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയിൽ മസ്‌ജിദ് കമ്മിറ്റിക്ക് അപ്പീൽ നൽകാമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കമ്മിറ്റി എ എസ് ഐ സർവേക്കെതിരെ ഹൈക്കടതിയെ സമീപിച്ചു. എന്നാൽ സർവേ അനിവാര്യമാണെന്ന് നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി പരിശോധന അനുമതി ചോദ്യം ചെയ്‌തുള്ള ഹർജി തള്ളുകയും ആഗസ്‌റ്റ് മൂന്നിന് ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അനുമതി നൽകുകയുമായിരുന്നു.
also read : Gyanvapi Survey | സ്റ്റേ പിന്‍വലിച്ചു ; ഗ്യാൻവാപിയിൽ സർവേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി
ഈ ഉത്തരവിനെതിരെയാണ് മസ്‌ജിദ് കമ്മിറ്റി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ശ്രീ. തുഷാർ മേത്തയാണ് പുരാവസ്‌തു വകുപ്പിന് വേണ്ടി വാദിച്ചത്. അതേസമയം ശാസ്‌ത്രീയ പരിശോധന ചരിത്രത്തെ കുഴിച്ചെടുക്കലും ആരാധനാലയങ്ങളുടെ നിയമം ലംഘിക്കുകയും തടസപ്പെടുത്തുന്നതുമാണെന്ന് മസ്‌ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി വാദിച്ചിരുന്നു.