പാലക്കൊല്ലു: ബഹിരാകാശ യാത്രികയാകാനുള്ള പരിശീലനമെന്നത് ചില്ലറക്കാര്യമല്ല. കേവലം ആഗ്രഹം കൊണ്ടു മാത്രം ആര്‍ക്കും ബഹിരാകാശ സഞ്ചാരിയാകാന്‍ വഴിയില്ല. ആഗ്രഹത്തോടൊപ്പം കഴിവും അചഞ്ചലമായ വിശ്വാസവും കഠിനാധ്വാനവും ഒത്തു ചേരുമ്പോഴാണ് ഒരു ബഹിരാകാശ സഞ്ചാരി പിറക്കുന്നത്. ബഹിരാകാശത്ത് വച്ച് വരാനിടയുള്ള ഏതു വെല്ലുവിളിയും നേരിടാൻ അവര്‍ തയ്യാറായിരിക്കണം.
അത്തരം സ്ഥിരോത്സാഹവും നിശ്ചയ ദാർഢ്യവും തനിക്കുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശില്‍ നിന്നുള്ള ജാഹ്നവി എന്ന പെൺകുട്ടി. ചന്ദ്രനിൽ ഇറങ്ങുക എന്ന തന്‍റെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് അവൾ പതുക്കെ നടന്നടുക്കുകയാണ്. ജിയോ സ്‌പേസ് സംഘടിപ്പിച്ച എക്‌സ്‌പ്ലോർ എ ഫെസ്റ്റിവലില്‍ സിൽവർ വിങ്സ് ബാഡ്‌ജ് നേടിയാണ് ജാഹ്നവി റെക്കോർഡ് സൃഷ്‌ടിച്ചത്.
ഓരോ പടവുകൾ കയറി തന്‍റെ ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടു വെപ്പോടെ മുന്നേറുന്ന ജാഹ്നവിയുടെ ജീവിത കഥയാണിത്. സ്വപ്‌നം കാണുന്നെങ്കില്‍ അത് ആകാശത്തോളമാവണമെന്ന് മുതിർന്നവർ പറയാറുണ്ട്. എന്നാല്‍ ആകാശത്തിനുമപ്പുറത്തേക്ക് സ്വപ്‌നം കണ്ടവളാണ് ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള ഈ യുവതി. പേര് ദംഗേതി ജാഹ്നവി. പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കൊല്ലു സ്വദേശിനിയാണ്.
ജാഹ്നവിക്ക് ഒരു വയസുള്ളപ്പോൾ ജോലി തേടി മാതാപിതാക്കൾ കുവൈറ്റിലേക്ക് പറന്നു. അന്ന് മുതൽ മുത്തശ്ശിയാണ് ജാൻവിയെ നോക്കി വളര്‍ത്തിയത്. അങ്ങനെ ജാഹ്നവിക്ക് മുത്തശ്ശിയുമായുള്ള അടുപ്പം വർധിച്ചു.
കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ അമ്പിളിയമ്മാമന്‍റെ കഥകളായിരുന്നു ജാഹ്നവിക്ക് പ്രചോദനം. എന്തായാലും അവൾ ചന്ദ്രനിൽ കാലുകുത്തുന്നത് സ്വപ്‌നം കണ്ടു. പാലക്കൊല്ലുവിൽ പഠിച്ച അവൾ കളികളിലും മികവ് പുലർത്തി. സ്‌കൂൾ തലത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര മേളകളിൽ ജാഹ്നവി താത്‌പര്യത്തോടെ പങ്കെടുത്തു. അങ്ങനെ അവൾ എട്ടാം ക്ലാസിൽ ചെയ്‌ത ഒരു പ്രോജക്റ്റ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി.
വിവാഹം നടത്തണമെന്ന് ഒരു കൂട്ടര്‍: ജാഹ്നവി വളര്‍ന്ന വലുതായതോടെ അയല്‍വാസികളും ഏതാനും ചില ബന്ധുക്കളുമെല്ലാം വേഗം വിവാഹം കഴിപ്പിച്ച് വിടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും അവര്‍ക്ക് ഇഷ്‌ടമുള്ള മേഖലയില്‍ അവര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കണവുമെന്നുമാണ് ജാഹ്നവിയുടെ മാതാപിതാക്കള്‍ പറയുന്നത്.
ആഗ്രഹം മാത്ര പോര... കഠിന പ്രയത്നവും വേണമെന്ന് ജാഹ്നവി: ചെറുപ്പം മുതല്‍ ജാഹ്നവിയുടെ ആഗ്രഹമായിരുന്ന ബഹിരാകാശ യാത്രയെന്നത്. നമ്മുടെ ഏത് ആഗ്രഹവും നമുക്ക് നേടിയെടുക്കാന്‍ കഴിയുമെന്നാണ് ജാഹ്നവി പറയുന്നത്. എന്നാല്‍ താത്‌പര്യം മാത്രം ഉണ്ടായത് കൊണ്ട് ലക്ഷ്യം കൈവരിക്കാനാകില്ലെന്നും സ്ഥിരോത്സാഹവും ആത്മവിശ്വാസവുമാണ് അതിന് വേണ്ടതെന്നും ജാഹ്നവി ഇടിവി ഭാരതിനോട് പറഞ്ഞു. അതിനുള്ള ശ്രമത്തിലാണ് ബഹിരാകാശം സ്വപ്‌നം കാണുന്ന ഈ പെൺകുട്ടി.