മൈസൂര്‍ (കര്‍ണാടക): കര്‍ണാടകയില്‍ 'മേല്‍ജാതി'ക്കാരുടെ പ്രദേശത്ത് പ്രവേശിച്ചതിന് ദലിത് യുവാവിനും കുടുംബത്തിനും നേരെ അതിക്രമം. മൈസൂര്‍ ജയപുരയിലെ അരസിനകരെയിലാണ് സംഭവം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. ലിംഗായത്ത് വിഭാഗത്തില്‍പ്പെടുന്ന യുവാക്കള്‍ പ്രദേശത്തെ പാനിപുരി സ്റ്റാളിന് സമീപം നില്‍ക്കുകയായിരുന്ന ദലിത് യുവാവുമായി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
എന്നാല്‍ വെള്ളിയാഴ്‌ച രാവിലെ ആറ് പേര്‍ യുവാവിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ആക്രമിക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാതി അധിക്ഷേപം നടത്തിയെന്നും യുവാവിന്‍റെ പരാതിയിലുണ്ട്.
എസ്‌സി, എസ്‌ടി അതിക്രമം തടയല്‍ നിയമം, ഐപിസി വകുപ്പുകള്‍ ചേര്‍ത്താണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ദലിത് യുവാവിനെതിരെയും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. രണ്ട് കേസുകളും അന്വേഷിക്കുകയാണെന്ന് എസ്‌പി ചേതന്‍ അറിയിച്ചു.
Also read: UP Assembly Election | സീറ്റ് നല്‍കിയില്ല; എസ്.പി നേതാവ് ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്ന ദൃശ്യങ്ങൾ