ശ്രീനഗര്‍: ബിജെപി ഭരണത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായി നമ്മള്‍ ഒറ്റക്കെട്ടായി പോരാടിയാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. അതുപോലെ ബിജെപി ഭരണകൂടത്തിനെതിരായി പോരാടി ഇന്ത്യയെ വീണ്ടും മോചിപ്പിക്കണമെന്ന് അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയില്‍വച്ച് പറഞ്ഞു.
കനത്ത മഞ്ഞുവീഴ്‌ചയ്ക്കിടെയാണ് ഷേർ-ഇ-കശ്‌മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് നടന്നത്. രാജ്യത്തിന്‍റെ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് മറ്റൊരു യാത്ര നടത്താൻ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാവുമായ ഒമർ അബ്‌ദുള്ള, വേദിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.
'ഭാരത് ജോഡോ യാത്ര വിജയിച്ചു': 'യാത്രയുടെ ഈ അവസാന ചടങ്ങിൽവച്ച്, എന്‍റേയും പിതാവ് ഫറൂഖ് അബ്‌ദുള്ളയുടെയും എന്‍സി പാർട്ടിയുടെയും പേരിൽ ഞാൻ രാഹുല്‍ ഗാന്ധി ജിയെ അഭിനന്ദിക്കുന്നു. ഈ യാത്ര വിജയിച്ചു. രാജ്യത്ത് ബിജെപിയെ അല്ലാതെ സാഹോദര്യത്തിന്‍റെ മറ്റൊരു ആശയത്തെയും ഇഷ്‌ടപ്പെടുന്നവരുണ്ടെന്ന് തെളിയിച്ചു'- ഒമര്‍ അബ്‌ദുള്ള വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഡിഎംകെ, ജെഎംഎം, ബിഎസ്‌പി, പിഡിപി, സിപിഐ, ആർഎസ്‌പി, വിസികെ, ഐയുഎംഎൽ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ യാത്ര 136 ദിവസമാണ് നീണ്ടുനിന്നത്. 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്‌മീരിലെത്തിയത്. 2022 സെപ്റ്റംബർ ഏഴിനായിരുന്നു യാത്രയുടെ തുടക്കം.