ഡൽഹി/തിരുവനന്തപുരം: അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി ക്ഷയിച്ചു. നിലവിൽ മാനാർ ഉൾക്കടലിൽ നിന്നും തമിഴ്‌നാട്ടിലെ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറിയെന്നും അർധരാത്രിയോടെ ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബുറെവി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് കരുതുന്നത്. മണിക്കൂറിൽ 50 മുതല്‍ അറുപത് കിലോമീറ്റർ വേഗതയിലാണ് ബുറെവി കേരളത്തിലേക്ക് എത്തുക.
കേരളത്തിൽ പൊൻമുടി, വർക്കല, ആറ്റിങ്ങൽ മേഖലയിലൂടെയാണ് കാറ്റിൻ്റെ സഞ്ചാരപഥം. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയിൽ തീരം തൊട്ടിരുന്നു.