കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ് സംസ്ഥാനം നേരിടുന്ന മറ്റൊരു വെല്ലുവിളിയെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. "രാജ്യം കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ യാസ് ചുഴലിക്കാറ്റ് മറ്റൊരു വെല്ലുവിളിയായി മാറുകയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കൊവിഡിനോടൊപ്പം ആംഫാൻ ചുഴലിക്കാറ്റിനെ നേരിട്ടിരുന്നു, ആളുകളുടെ സഹായത്തോടെ ഇത് നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചു. ഇത്തവണയും നാമെല്ലാവരും ദുരന്തത്തെയും പകർച്ചവ്യാധിയെയും നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കും ", പട്നായിക് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡബിൾ മാസ്ക് ധരിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ഒഡിഷയ്ക്ക് ചുഴലിക്കാറ്റുകൾ ഒരു പുതിയ പ്രതിഭാസമല്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അശ്രദ്ധ അപകടകരമാണെന്നും സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാന സർക്കാർ നന്നായി തയ്യാറാണെന്നും ജനങ്ങളുടെ സഹകരണം സർക്കാരിന്‍റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ, പുനരധിവാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒഡിഷ സർക്കാർ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അഡീഷണൽ സെക്രട്ടറി ഇന്ദ്രമണി ത്രിപാഠി ഔദ്യോഗിക വാർത്ത കുറിപ്പിൽ അറിയിച്ചു. ഇതിനായി ദുരന്തനിവാരണ സേനയെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ബലാസോറിനടുത്ത് പരദീപിനും സാഗർ ദ്വീപിനുമിടയിൽ യാസ് ചുഴലിക്കാറ്റ് മെയ് 26ന് വീശുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.