ഓരോ വര്‍ഷവും ലോകത്താകെ സൈബര്‍ ക്രൈം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന 35 കോടി ആളുകളില്‍ 13 കോടിയും ഇന്ത്യക്കാരാണെന്ന് അടുത്തിടെ നടന്ന സര്‍വേ ഫലം വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ ക്രൈം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ നാം നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയാകും ഇത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനുമപ്പുറം ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടുന്ന വിഷയം കൂടിയാണിത്.
രാജ്യത്ത് വര്‍ധിച്ച് വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ ആഴം വരച്ചുകാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറച്ച് കാലം മുമ്പ് തന്നെ അതുയര്‍ത്താനിടയുള്ള ഘോര ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ ക്രൈം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ നാം നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയാകും ഇത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനുമപ്പുറം ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടുന്ന വിഷയം കൂടിയാണിതെന്ന് കണക്കുകള്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.
ഓപ്പറേഷന്‍ ചക്ര: ഇത്തരം ഭീഷണികള്‍ നേരിടാന്‍ കഴിഞ്ഞ വര്‍ഷം 'ഓപ്പറേഷന്‍ ചക്ര' എന്ന പേരില്‍ സിബിഐ ദേശ വ്യാപകമായി ഒരു ദൗത്യത്തിന് തുടക്കമിട്ടിരുന്നു. രാജ്യമെങ്ങുമുള്ള സൈബര്‍ കുറ്റവാളികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 115 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധനകള്‍ നടത്തിയിരുന്നു. ഈ ഓപ്പറേഷന് കാര്യമായ ഫലവുമുണ്ടായി.
ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ 100 കോടി രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ കേസെടുക്കുകയുണ്ടായി. എന്നാല്‍ അതിനേക്കാള്‍ ആശങ്ക വളര്‍ത്തുന്ന മറ്റൊരു വെളിപ്പെടുത്തല്‍ ആഗോള ടെക്നോളജി ഭീമന്‍മാരായ ആമസോണും മൈക്രോസോഫ്റ്റും നടത്തുകയുണ്ടായി. മുഖ്യമായും വിദേശികളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്താന്‍ ചില ഇന്ത്യക്കാര്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.
രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സികളായ ഇന്‍റര്‍ പോള്‍, എഫ്ബിഐ, റോയല്‍ കനേഡിയന്‍ പൊലീസ്, ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് എന്നിവ കൈമാറിയ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളുടെ ആഴം വെളിവാക്കുന്നതായിരുന്നു. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് അടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ ഈ ക്രിമിനല്‍ തട്ടിപ്പ് സംഘത്തിന് വേരുകളുണ്ടെന്നുള്ളത് ഓപ്പറേഷന്‍ ചക്ര 2 എന്ന തുടര്‍ പരിശോധനകളില്‍ നിന്ന് വെളിവായി.
അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്മാര്‍ വരെ ഈ സൈബര്‍ കുറ്റകൃത്യത്തിന് ഇരയാവുന്നതായാണ് ഏറ്റവുമൊടുവില്‍ പൂനെയിലും അഹമ്മദാബാദിലും ഉണ്ടായ സംഭവങ്ങള്‍ സൂചന നല്‍കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ പൊലീസ് അന്വേഷണ ഏജന്‍സികള്‍ സിംഗപ്പൂരിലെയും ജര്‍മ്മനിയിലെയും കാനഡയിലെയും ഓസ്ട്രേലിയയിലെയും പൊലീസ് വിഭാഗങ്ങളുമായി ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് ഈ സൈബര്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ലോക വ്യാപകമായിത്തന്നെ ബന്ധങ്ങളുണ്ടെന്ന് മനസിലാക്കാനായി.
രാജ്യാതിര്‍ത്തികള്‍ ഭേദിക്കുന്ന ഈ സൈബര്‍ ക്രിമിനലുകള്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സല്‍പ്പേര് കളയുമെന്ന നിലയാണ് ഇപ്പോഴുള്ളത്. 2023 ജൂണ്‍ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐഐടി കാണ്‍പൂര്‍ നടത്തിയ പഠനം സൈബര്‍ കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. രാജ്യത്ത് നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഇവയില്‍ പകുതിയിലേറെയും യുപിഐ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകളാണെന്ന് മനസിലാവും.
സ്‌മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളുമാണ് ഇത്തരം തട്ടിപ്പുകള്‍ക്കുള്ള പ്ലാറ്റ്‌ഫോമായി സൂത്ര ശാലികളായ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നത്. ഒന്നുമറിയാത്ത സാധാരണക്കാര്‍ ഇരകളാക്കപ്പെടുന്നു. ഇത് നമ്മള്‍ അഭിമുഖീകരിക്കുന്ന ഭീഷണിയുടെ വ്യാപ്‌തി വെളിവാക്കുന്നു.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ ക്രൈം: സൈബര്‍ കുറ്റകൃത്യങ്ങള്‍ മിക്കതും ഒമ്പത് സംസ്ഥാനങ്ങളിലെ 36 നഗരങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന ശ്രദ്ധേയമായ വസ്‌തുതയും ഈ പഠനത്തിലൂടെ മനസിലാക്കാനായി. അസംഗഡ്, അഹമ്മദാബാദ്, സൂറത്ത്, ഭരത്പൂര്‍, ചിറ്റൂര്‍ നഗരങ്ങളായിരുന്നു പട്ടികയില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ഹരിയാനയിലെ നൂഹ് നഗരം കൂടി ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ ഇടം പിടിച്ചു.
6 മാസം മുമ്പ് വിവിധ ജില്ലകളില്‍ നിന്നുള്ള 5000 ഹരിയാന പൊലീസുകാര്‍ നടത്തിയ സ്പെഷ്യല്‍ ഓപ്പറേഷനില്‍ 125 കുറ്റവാളികളാണ് ഇവിടെ അറസ്റ്റിലായത്. അവരില്‍ 65 പേര്‍ കൊടും ക്രിമിനലുകളായിരുന്നു. ഇത്തരം സംഘടിത ഗ്രൂപ്പുകളാണ് രാജ്യത്തെ 28000 ത്തോളം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും പുറകിലുള്ളത്. ഇവര്‍ മോഷ്‌ടിച്ചത് ഏതാണ്ട് 100 കോടി രൂപയും.
ഉപയോഗ ശൂന്യമായി എന്‍സിആര്‍പി: ലോകത്താകെ ഒരു വര്‍ഷം നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്ന 35 കോടി ആളുകളില്‍ 13 കോടിയും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് മുമ്പ് നടന്ന മറ്റൊരു സര്‍വേ തെളിയിക്കുന്നു. മുളപൊട്ടുന്ന ഈ ഭീഷണി തടയാന്‍ വേണ്ടിയാണ് 3 വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ 'നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍' (National Cyber Crime Reporting Portal (NCRP) തുടങ്ങിയത്. പൗരന്മാര്‍ക്ക് വീടുകളിലിരുന്ന തന്നെ സൈബര്‍ ഭീഷണികളെ കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നതാണ് NCRP പോര്‍ട്ടല്‍. എന്നാല്‍ 27 സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഒരു ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണെന്നത് പൊലീസ് സംവിധാനത്തിന്‍റെ ന്യൂനതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകി വരുന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളാണ് ഒന്നുമറിയാത്ത സാധാരണക്കാര്‍ക്ക് സമ്മാനിക്കുന്നത്. അനിയന്ത്രിതമായ തോതില്‍ പൊട്ടിമുളയ്ക്കുന്ന ഇത്തരം ഇന്‍റര്‍നെറ്റ് തട്ടിപ്പുകാര്‍ ആഗോള തലത്തില്‍ നമ്മുടെ രാജ്യം നേടിയ സല്‍പ്പേരിനെത്തന്നെ കളങ്കപ്പെടുത്തും. ഈ ഭീഷണി ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ശ്രമം ആവശ്യമാണ്.
സൈബര്‍ തീവ്രവാദം ചെറുക്കാന്‍ ദേശീയ തലത്തില്‍ സംയുക്ത സേന അനിവാര്യമാണ്. സമഗ്രമായ ഇത്തരം നീക്കങ്ങളിലൂടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമെ രാജ്യത്തിന് അകത്ത് തഴച്ചു വളരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളൂ.