ഹൈദരാബാദ്: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി- Congress Working Committee) നിരസിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം (CWC Rejects 'One Nation One Poll' Idea says P Chidambaram). മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും ചിദംബരം പറഞ്ഞു. മണിപ്പൂർ കലാപത്തിലും (violence in Manipur) പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
മണിപ്പൂർ സന്ദർശിക്കാനോ 150ലധികം പേരുടെ ജീവൻ അപഹരിച്ച അക്രമത്തെ കുറിച്ച് സംസാരിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) തയ്യാറായില്ലെന്നും പി ചിദംബരം കുറ്റപ്പെടുത്തി. ആസിയാൻ ഉച്ചകോടിയിലും ജി- 20 യിലും പങ്കെടുക്കാൻ സമയം കണ്ടെത്തിയ പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'മെയ് അഞ്ച് മുതൽ മണിപ്പൂർ കത്തുകയാണ്. മറ്റ് നിരവധി രാജ്യങ്ങൾ സന്ദർശിക്കാനും ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനും പിന്നീട് ജി 20 യിലേക്ക് തിരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തി. എന്നാൽ മണിപ്പൂർ സന്ദർശിക്കാൻ അദ്ദേഹം രണ്ട് മണിക്കൂർ കണ്ടെത്താത്തതിൽ നിരാശയുണ്ട്. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് മിനിറ്റ് പരാമർശിച്ചതൊഴിച്ചാൽ മണിപ്പൂരിനെ കുറിച്ച് അദ്ദേഹം ഒന്നും തന്നെ സംസാരിച്ചിട്ടില്ല'- രാജ്യസഭാംഗം കൂടിയായ ചിദംബരം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി ചില പ്രസ്‌താവനകൾ നടത്തിയിട്ടുണ്ടെന്നും അതിന്‍റെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ ബില്ലിനെ കോൺഗ്രസ് പാർലമെന്‍റിൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിലെ അക്രമം, മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗം, ഹിമാചൽ പ്രദേശിലെ ദുരന്തം എന്നിവയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തക സമിതി മൂന്ന് പ്രമേയങ്ങൾ പാസാക്കിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
'അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തും': അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഹൈദരാബാദില്‍ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനെത്തിയ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട്. പരമ്പരാഗത രീതികളില്‍ നിന്ന് മാറി തെരഞ്ഞെടുപ്പുകളെ നവീന രീതിയില്‍ നോക്കിക്കാണാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ജയിച്ച് കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും രൂക്ഷമായി വിമർശിച്ചു.