ചണ്ഡിഗഡ്: കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനാണ് രാജ്യത്ത് പോക്‌സോ നിയമം നിലവില്‍ വന്നത്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് എന്നതാണ് പോക്‌സോയുടെ പൂര്‍ണരൂപം. ഇന്ത്യൻ പാർലമെന്‍റ് 2011ൽ അവതരിപ്പിച്ച പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ എഗൈൻസ്റ്റ് സെക്ഷ്വൽ അബ്യൂസസ് ബിൽ 2012 മേയ് 22നാണ് പാസായത്. കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശക്തമായൊരു നിയമം ഉണ്ടായിട്ടുപോലും നീതി കിട്ടാത്ത കേസുകളുടെ വലിയൊരു കണക്ക് രാജ്യത്തുണ്ട് എന്നതാണ് വസ്‌തുത.
കോടതികള്‍ പോലും 'മന്ദഗതിയില്‍': പ്രായപൂര്‍ത്തിയാകാത്തവരെ ശാരീരികമായി ഉപദ്രവിച്ച കുറ്റാരോപിതരെ കോടതി പലപ്പോഴും വെറുതെ വിടുന്നുവെന്ന ലജ്ജാകരമായ യാഥാര്‍ഥ്യം നമുക്കിടയില്‍ സംഭവിക്കുന്നു. ഈ കേസുകള്‍ അതിവേഗം പരിഗണിച്ച് ശിക്ഷ നല്‍കേണ്ടതാണെന്നിരിക്കെ വിഷയം കൈകാര്യം ചെയ്യുന്ന കോടതികള്‍ പലപ്പോഴും മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തില്‍, രാജ്യത്തെ കുട്ടികള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളുടെ കേസുകളില്‍ സംഭവിക്കുന്ന ഞെട്ടിക്കുന്ന 'അട്ടിമറി' കണക്കുകളുടെ സ്ഥിതിവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സെന്‍റര്‍ ഫോർ ലീഗൽ പോളിസിയുടെ റിപ്പോർട്ട് അനുസരിച്ച് 28 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത പോക്സോ കേസുകളില്‍ 14 ശതമാനം മാത്രമാണ് നിയമപരമായി ശിക്ഷ നല്‍കിയിട്ടുള്ളത്. 43 ശതമാനം കേസുകളും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടുകയുണ്ടായി. 2016ൽ 60 ശതമാനം കേസുകളാണ് ഒത്തുതീര്‍പ്പാക്കിയത്. ഇത്തരത്തില്‍, പോക്‌സോ കേസില്‍പ്പെട്ട പ്രതികളെ ഏറ്റവും കൂടുതൽ കുറ്റവിമുക്തരാക്കിയത് ആന്ധ്രാപ്രദേശിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികളാവുന്നത് പരിചയക്കാര്‍ : നിയമം പ്രാബല്യത്തില്‍ വന്ന 2012 മുതൽ 2021 വരെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ ഭൂരിഭാഗവും പ്രതികളാവുന്നത് നേരത്തേ പരിചയമുള്ള ആളുകളാണ്. ഇതിൽ അയൽക്കാർ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവര്‍ ഉൾപ്പെടുന്നു. അതേസമയം, അപരിചിതരായ ആളുകള്‍ നടത്തിയ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകളുടെ ശതമാനം താരതമ്യേന കുറവാണ്. മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്‌തവയില്‍ 10 ശതമാനം കേസുകളിൽ മാത്രമാണ് നീതി ലഭിച്ചത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുട്ടികള്‍ക്കെതിരായ 2,121 കുറ്റകൃത്യങ്ങളാണ് പഞ്ചാബിൽ കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്‌തത്. അതില്‍, തട്ടിക്കൊണ്ടുപോകൽ, ഭിക്ഷാടനം, കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളാണുള്ളത്.
കുറ്റകൃത്യങ്ങളില്‍ കൂടുതലും പെണ്‍കുട്ടികള്‍ക്കെതിരെ: നിലവില്‍, പഞ്ചാബിൽ പോക്‌സോ നിയമപ്രകാരമുള്ള കേസുകളുടെ എണ്ണം കുത്തനെ വർധിച്ചിരിക്കുകയാണ്. 2019ൽ 389 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയ 2020ൽ 720 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. ലൈംഗികാതിക്രമത്തിനെതിരായ സെക്ഷൻ നാല്, ആറ് എന്നിവ പ്രകാരം 549 കേസുകളാണുള്ളത്. 33.7% കേസുകളിലാണ് ശിക്ഷ നടപ്പിലാക്കിയത്. പോക്‌സോ പരിധിയില്‍ വരുന്ന 99 ശതമാനത്തിലധികം കുറ്റകൃത്യങ്ങളും പെൺകുട്ടികൾക്കെതിരെയാണ് നടക്കുന്നത്. അതില്‍, 99.6% ഇരകളും കുറ്റവാളികൾക്ക് നേരത്തേ അറിയാവുന്നവരായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരവും ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.
10.5% കുട്ടികള്‍ കുടുംബാംഗങ്ങളാല്‍ ദുരുപയോഗം ചെയ്യപ്പെട്ടവരാണ്. ബാലാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തുടങ്ങിയവ പുനരധിവാസവും നീതിയും ഉറപ്പാക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കുന്നു. പഞ്ചാബില്‍, ചെറിയ നഗരങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ ഉള്ള മിക്ക പൊലീസ് സ്റ്റേഷനുകളിലും നിയമം അനുശാസിക്കുന്ന പ്രകാരം പ്രത്യേക ശിശുക്ഷേമ ഓഫിസർമാരില്ല.
നിലവില്‍, ഈ സംസ്ഥാനത്ത് 36 ശതമാനം കേസുകൾ ഇപ്പോഴും തീർപ്പുകൽപ്പിക്കാത്തവയാണ്. ലൈംഗിക പീഡനത്തിനിരയായതായി കാണിക്കുന്ന യോനീ സ്രവ റിപ്പോര്‍ട്ടുള്ള കേസിലെ പ്രതിയെ പോലും 2022 ജൂലൈയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വെറുതെവിട്ടിട്ടുണ്ട്. ഈ പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ 6, 12, 17 വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 506, 376, 406 വകുപ്പുകളും പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
അതിക്രമം റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധം : ലൈംഗിക പീഡനത്തിനിരയായ കുട്ടിയെ ഉടനടി സംരക്ഷിക്കുന്നതിനും അത്തരം കുറ്റകൃത്യങ്ങള്‍ നേരിടേണ്ടിവരുന്നതുമൂലം ഉണ്ടാവുന്ന ആഘാതം കുറയ്ക്കുന്നതിനും പുനരധിവാസ നടപടികൾ ഉടനെ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളെ ദുരുപയോഗം ചെയ്‌ത സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പൊലീസില്‍ റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാണ്. പോക്‌സോ കേസില്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ നടന്ന് ഉടന്‍ തന്നെ നിയമ നടപടികള്‍ ഉറപ്പുവരുത്തുന്നത് ഇരകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ സഹായിക്കും.
18 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് 2012ൽ പാർലമെന്‍റില്‍ വനിത ശിശുവികസന മന്ത്രാലയത്തിന് കീഴിലായാണ് പോക്‌സോ ആക്‌ട് പാസാക്കിയത്. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരായ ശിക്ഷ കഠിനമാക്കുന്നതിന്, ഈ നിയമത്തിൽ 2020ല്‍ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കുറഞ്ഞത് 20 വർഷത്തെ തടവ്, ഗുരുതര ലൈംഗികാതിക്രമ കേസുകളിൽ വധശിക്ഷ എന്നിവ ഉറപ്പാക്കുന്നതാണ് ഈ ഭേദഗതി. 2012ല്‍ പുറപ്പെടുവിച്ച നിയമത്തിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ മൂന്ന് വർഷമാണ്. 16 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌താല്‍ നിലവില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ 20 വർഷം തടവും കോടതി നിശ്ചയിക്കുന്ന പിഴയുമാണ്.