അമരാവതി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം മുതല്‍ അനന്തപുരം വരെ ക്രിമിനല്‍ അതിക്രമങ്ങളും ഗുണ്ട ആക്രമണങ്ങളും പതിവാകുന്നു. വിഷയത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ആരോപണവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പ് വരുത്തേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കൈ കെട്ടി നോക്കി നില്‍ക്കുകയാണെന്നും പൊലീസ് വിചാരിച്ചാല്‍ സംസ്ഥാനത്തെ ഇത്തരം ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ആക്ഷേപം.
മുഖ്യന്‍ മൗനത്തിലാണ്: സംസ്ഥാനത്ത് നിരവധി ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മൗനത്തിലാണെന്നും ആരോപണമുണ്ട്. തങ്ങളുടെ പാര്‍ട്ടിയ്‌ക്ക് എല്ലാവിധ സേവനങ്ങളും ഉറപ്പാക്കുകയും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതിനാണ് പൊലീസ് എന്ന മട്ടിലാണ് സര്‍ക്കാറെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാറിന്‍റെ ഈ മനോഭാവമാണ് സംസ്ഥാനത്ത് ആക്രമണങ്ങള്‍ പെരുകാന്‍ കാരണമെന്നും എത്ര വലിയ തെറ്റുകള്‍ ചെയ്‌താലും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന ചിന്തയാണ് അക്രമികള്‍ക്കുള്ളത്. ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെയും ശബ്‌ദിക്കുന്നവരെയും പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് കൊണ്ട് സംസ്ഥാനത്ത് ക്രമസമാധാനത്തിന്‍റെ അഭാവമുണ്ടെന്നും പൊതുജനവും പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ട ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകള്‍, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കുമുള്ള അതിക്രമങ്ങള്‍ എന്നിവ അധികരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ പൊതുജനത്തെ ഏറെ ആശങ്കയിലാക്കുകയാണ്.
16 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്‌ത സംഭവങ്ങള്‍: ആന്ധ്രയില്‍ കഴിഞ്ഞ 16 ദിവസം നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് നടക്കുന്നത് എത്രത്തോളം ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് മനസിലാക്കാന്‍ സാധിക്കും. വിശാഖപട്ടണം എംപിയായ എംവിവി സത്യനാരായണയുടെ ഭാര്യയേയും മകനെയും തട്ടിക്കൊണ്ടു പായി മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇതില്‍ നിന്നും സംസ്ഥാനത്തെ പൊലീസ് സംവിധാനം ഏത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാനാകുമെന്നും ജനങ്ങള്‍ പറയുന്നു.
ഈ കേസിലെ പ്രതിയായ ഗുണ്ട നേതാവ് ഹേമന്ത് കുമാര്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ പാസി രാമകൃഷ്‌ണന്‍ എന്നയാളെയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടു പോയിരുന്നു. ആദ്യ കേസില്‍ തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തിരുന്നുവെങ്കില്‍ വീണ്ടും കുറ്റകൃത്യം നടക്കാനുള്ള സാധ്യത ഇല്ലാതാക്കാമായിരുന്നു. ഇത്തരത്തിലുള്ള നിസംഗതയാണ് സംസ്ഥാനത്ത് കുറ്റകൃത്യം അധികരിക്കാന്‍ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്.
യുവതിയ തട്ടിക്കൊണ്ടു പോയി പീഡനം: നെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന് വേണ്ടി മരുന്ന് വാങ്ങിക്കാന്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ നടുറോഡില്‍ വച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. വാഹനത്തിലെത്തിയ ഒന്‍പത് പേരടങ്ങുന്ന സംഘമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
യുവതിക്ക് നേരെ ആസിഡ് ആക്രമണം: സഹോദരിയെ ശല്യം ചെയ്‌ത യുവാവിന് താക്കീത് നല്‍കിയതിന് പിന്നാലെ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഏലൂരില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു.
മൃതദേഹം വീടിന് മുന്നില്‍ തള്ളി: പ്രകാശം ജില്ലയിലെ പുല്ലാവയില്‍ താമസിക്കുന്ന ഉപ്പു ശ്രീനു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കാറില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് വീടിന് മുന്നില്‍ തള്ളുകയും ചെയ്‌ത സംഭവം ഉണ്ടായത് ഏതാനും ദിവസം മുമ്പാണ്. കൊലപാതകം നടത്തിയ അജ്ഞാതര്‍ക്കെതിരെ അന്വേഷണം ഉണ്ടായിട്ടില്ല.
ബാറിലെ കൊലപാതകം: വിശാഖയിലെ ബാറിലെത്തിയ യുവാവിനെ എല്ലാവരും നോക്കി നില്‍ക്കെ ഒരാള്‍ കുത്തിക്കൊലപ്പെടുത്തി. ഈ കേസിലും പ്രതിക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
കേസെടുക്കുന്ന കുറ്റകൃത്യം കുറയ്‌ക്കും: ചെറുതും വലുതുമായ ഏത് കുറ്റം ചെയ്‌താലും ശിക്ഷ ലഭിക്കുമെന്ന ഭയമുണ്ടായാല്‍ മാത്രമെ സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാനാകൂ. സംസ്ഥാനത്തിന് ക്രമസമാധാനമാണ് ഏറ്റവും മികച്ചത്. ഇത്തരം നടപടികളില്‍ പൊലീസ് നേരിട്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളും പൊതുജനവും പറയുന്നു. എന്നാല്‍ ഇവിടെ സമൂഹത്തില്‍ നടക്കുന്ന ഇത്തരം അരാജകത്വങ്ങള്‍ക്കെതിരെ നടപടിയടുക്കാതെ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ അനുയായികളായവര്‍ കുറ്റം ചെയ്‌താല്‍ അവര്‍ക്കെതിരെ യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
സംസ്ഥാനത്തെ പട്രോളിങ് സംവിധാനം താറുമാറാണ്: സംസ്ഥാനത്ത് രാത്രി കാല പട്രോളിങ് നാമമാത്രമായി. പൊലീസ് ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിന് കാരണം. നിലവിലുള്ള ഉദ്യോഗസ്ഥരില്‍ ചിലര്‍ സര്‍ക്കാറിന്‍റെ പരിപാടികള്‍ക്ക് പോകുകയും മറ്റുള്ളവര്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുന്നയിടത്തേക്ക് പോകുകയും ചെയ്യും. ഗുണ്ട ലിസ്റ്റില്‍ ഉള്ളവരെ കുറിച്ച് യാതൊരുവിധ അന്വേഷണങ്ങളോ നിരീക്ഷണമോ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ പോലും ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സിസിടിവി കാമറയുടെ അഭാവം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ സ്ഥിരമായി അരങ്ങേറുന്നയിടങ്ങളില്‍ പോലും സിസിടിവി കാമറ സൗകര്യമില്ല. ഇത് കുറ്റവാളികള്‍ക്ക് കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ വളരെ അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്നുണ്ട്. നഗരത്തിലെ പ്രധാനയിടങ്ങളില്‍ പോലും സിസിടിവി കാമറകള്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇത്തരം കാമറയുടെ അഭാവം കാരണമാണ് ഗുണ്ടൂര്‍ നഗരത്തില്‍ രണ്ട് വാച്ചര്‍മാര്‍ കൊല്ലപ്പെടാന്‍ കാരണമായത്. സംഭവത്തിലെ പ്രതികളെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്‌ദം ഉയര്‍ത്തിയാല്‍: സംസ്ഥാനത്തുണ്ടായ കുറ്റകൃത്യങ്ങളില്‍ പ്രതിഷേധമറിയിക്കാനോ ശബ്‌ദമുയര്‍ത്താനോ പ്രതിപക്ഷ പാര്‍ട്ടികളോ പൊതുജനമോ തുനിഞ്ഞാല്‍ അവരെ പൊലീസ് തടയും. സര്‍ക്കാറിന് എതിരായ ഏത് പ്രതിഷേധവും തടയണമെന്ന മട്ടിലുള്ള പൊലീസ് സംവിധാനമാണ് ഇവിടെയുള്ളത്. സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ ആരെങ്കിലും പോസ്റ്റിട്ടാൽ തീവ്രവാദികളെന്ന് മുദ്രകുത്തി അവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. അതേ സമയം ക്രൂരകൃത്യങ്ങളിലെ കുറ്റവാളികളെ അടിച്ചമര്‍ത്തുന്നതിനായി പൊലീസിന്‍റെ ഭാഗത്ത് ഇത്തരം നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
ഭരണപക്ഷത്തെ കുറിച്ചും കടുത്ത ആരോപണം: സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സേനയെ തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സേനയാക്കിയെന്നും ആരോപണമുണ്ട്. ജനാധിപത്യ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന് സേവനം ചെയ്‌ത് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. സംസ്ഥാന പൊലീസില്‍ സേനയില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പൊതുജനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍. മുഖ്യമന്ത്രിയുടെ ഓഫിസാണ് പൊലീസ് സംവിധാനം നിയന്ത്രിക്കുന്നത്. പലയിടത്തും ഭൂമി തർക്കങ്ങളിലും ഗുണ്ട സംഘങ്ങളിലും പ്രധാനികളായ നേതാക്കന്മാര്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ട് അവര്‍ക്ക് സേവനം ചെയ്യേണ്ട ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ട് തന്നെ പൊലീസിന്‍റെ നിഷ്‌ക്രിയത്വം മുതലെടുത്ത് ചെറിയ കുറ്റവാളികളും സാമൂഹിക വിരുദ്ധ ശക്തികളായി മാറുകയാണിവിടെ.