ഹൈദരാബാദ്: രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ പോർട്ടലായ കോ-വിൻ അവയവദാനത്തിനും രക്തദാനത്തിനുമായി ഉപയോഗിക്കാൻ ആലോചന. നിലവിലെ സംവിധാനം സുതാര്യമാക്കുന്നതോടൊപ്പം രോഗികളെ അവരുടെ ചുറ്റുപാടിലുള്ള അനുയോജ്യരായ രക്തദാതാക്കളും അവയവദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോമായി കോ-വിൻ പുനർനിർമ്മിക്കുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റിയുടെ കോ-വിൻ മേധാവിയും സിഇഒയുമായ ആർ.എസ് ശർമ്മ അറിയിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രക്തദാനം, അവയവദാനം, ആയുഷ്‌മാൻ ഭാരത് ഡിജിറ്റൽ മിഷൻ തുടങ്ങി ആരോഗ്യ മേഖലയിലെ തന്നെ വിവിധ ആവശ്യങ്ങൾക്കായി കോ-വിൻ പോർട്ടൽ ഉപയോഗിക്കുന്നത് പരിഗണനയിലെന്ന് വിവാടെക് 2022-ൽ സംസാരിക്കവേ അദ്ദേഹം അറിയിച്ചു. അനുയോജ്യരായ രക്തദാതാക്കളോ രക്തബാങ്കോ തൊട്ടടുത്തുണ്ടെന്ന് ഒരുപക്ഷെ രോഗികൾ അറിയണമെന്നില്ല. അതുകൊണ്ട് തന്നെ വലിയൊരു രക്തദാന പ്ലാറ്റ്‌ഫോമായി മാറിയേക്കാവുന്ന ഈ മുന്നേറ്റത്തിൽ എല്ലാവരെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്‍റെ കാര്യത്തിൽ ഏതൊക്കെ വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളത് എന്നറിയാൻ സാധിക്കുന്നതുപോലെ തന്നെ രക്തദാനത്തിന്‍റെ കാര്യത്തിലും ഏതൊക്കെ ദാതാക്കളുണ്ടെന്ന് പോർട്ടലിലൂടെ അറിയാൻ സാധിക്കും. കോ-വിൻ പ്ലാറ്റ്‌ഫോം നിലവിൽ കൊവിഡ് വാക്‌സിനേഷൻ പരിപാടിയിലും അതുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും സുഗമമാക്കുന്ന കാര്യങ്ങളിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവയവദാനത്തിനായി ഈ പോർട്ടൽ ഉപയോഗിക്കുന്ന കാര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണിക്കുന്നതായി ശർമ്മ കൂട്ടിച്ചേർത്തു.