ബെംഗളൂരു: കൊവിഡ് രോഗികൾക്കായി 50% കിടക്കകൾ കരുതിവെക്കാൻ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി കർണാടക സർക്കാർ. പ്രൈവറ്റ് ഹോസ്‌പിറ്റൽസ് ആന്‍റ് നഴ്‌സിംഗ് ഹോം അസോസിയേഷനുമായി ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഗുരുതരമല്ലാത്ത കൊവിഡിതര രോഗങ്ങൾക്ക് കിടത്തി ചികിത്സയിലുള്ളവരെ ഡിസ്‌ചാർജ് ചെയ്‌ത് കിടക്കകൾ സജ്ജീകരിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെയും ചെറിയ തോതിൽ ലക്ഷണങ്ങളുള്ളവരെയും ഹോട്ടലുകളിലും കൊവിഡ് കെയർ സെന്‍ററുകളിലും ഐസൊലേഷനിൽ പാർപ്പിക്കും. രോഗം ഗുരുതരമാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ആശുപത്രികൾക്ക് നൽകുന്ന അതേ നിരക്കിൽ സ്വകാര്യ ആശുപത്രികൾക്കും മരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വെന്‍റിലേറ്ററുകളുടെയും ഓക്സിജന്‍റെയും ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ഉപയോഗിക്കും.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തില്ല. ജനങ്ങളുടെ സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ചാണ് തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ പാലിക്കാതെ ലോക്ക് ഡൗണ്‍ അനിവാര്യമാക്കരുതെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഞായറാഴ്‌ച മാത്രം 10,250 കൊവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത്. അതിൽ 7,584 കേസുകളും ബെംഗളൂരിലാണ്.