അമരാവതി: ആന്ധ്രാപ്രദേശിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. പരിശോധനാ കേന്ദ്രങ്ങളും ആശുപത്രികളും കൊവിഡ് രോഗികൾ കൊണ്ട് നിറഞ്ഞു. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ പോലും ആശുപത്രികളിൽ നിന്ന് കൃത്യമായ സേവനം ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി.
ആന്ധ്രയിൽ 6,582 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 22 മരണം കൂടി സ്ഥിരീകരിച്ചു. 44,686 പേർ ചികിത്സയിൽ തുടരുമ്പോൾ 2,343 പേർ രോഗമുക്തി നേടി. ചിറ്റൂർ ജില്ലയിൽ 1,171 പേർക്ക് കൂടി രോഗം ബാധിച്ചു. ശ്രീകാകുളം, കുർനൂൾ, ഗുണ്ടൂർ എന്നീ ജില്ലകളിലും രോഗവ്യാപനം അതിരൂക്ഷമാണ്.
ഗുണ്ടൂർ ജില്ലയിലെ ആശുപത്രികളിൽ അയ്യായിരത്തിലധികം കിടക്കകൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആവശ്യത്തിന് സ്‌ട്രെക്‌ചറുകളും കിടക്കകളും ലഭ്യമല്ലെന്നാണ് രോഗികളുടെ പരാതി. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികൾ ഇപ്പോൾ തറയിലാണ് കിടക്കുന്നത്. അവശ്യ സൗകര്യങ്ങളില്ലാത്തതിനാൽ പലരും വീട്ടിലേക്ക് മടങ്ങുന്നു. പിപിഇ കിറ്റുകൾ, കൈയുറകൾ, മാസ്‌കുകൾ എന്നിവ ലഭ്യമല്ലെന്നും പരാതിയുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രോഗികളിൽ പലർക്കും വീട്ടിലേക്ക് പോകേണ്ട സാഹചര്യമാണ്.
വീട്ടിൽ ചികിത്സയിൽ കഴിയുന്നവർക്ക് എൻടിആർ ദന്താശുപത്രിയിൽ നിന്ന് സൗജന്യ മരുന്നുകൾ വിതരണം ചെയ്യുകയാണ്. അധ്യാപികയ്‌ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കൃഷ്‌ണ ജില്ലയിലെ ഉംഗുട്ടുരു പ്രൈമറി സ്‌കൂൾ അഞ്ച് ദിവസത്തേക്ക് പൂട്ടി. അതേസമയം കൊടികൊണ്ട ചെക്ക് പോസ്റ്റിൽ പൊലീസ് പരിശോധന കർശനമാക്കി. കർണാടകയിൽ നിന്നെത്തുന്നവർ മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശം നൽകുന്നു.