ബെംഗളൂരു: മാസ്‌ക് ധരിക്കാത്തവർക്ക് 250 രൂപ പിഴ ചുമത്തി കർണാടക സർക്കാർ. മുനിസിപ്പല്‍ കോർപറേഷൻ പ്രദേശമായ ബ്രഹാത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിലാണ് പിഴ. വിവാഹങ്ങളിൽ 200ൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അനുവാദമില്ല. തുറന്ന സ്ഥലങ്ങളിൽ ഇത് 500 ആണ്. അതേസമയം ജന്മദിനാഘോഷത്തിലും സംസ്‌കാര ചടങ്ങിലും 50 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. തുറന്ന സ്ഥലങ്ങളിൽ 100 പേർക്ക് പങ്കെടുക്കാം. ബ്രാൻഡഡ് ഷോപ്പുകൾ, മാളുകൾ പോലുള്ള സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം 1000 മുതൽ 5000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.
24 മണിക്കൂറിനിടെ കർണാടകയിൽ 2,298 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 9,46,589 പേർക്ക് രോഗം ഭേദമായി. 16,886 സജീവ കേസുകളുൾപ്പെടെ സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 9,75,955 ആയി. ആകെ മരണസംഖ്യ 12,461 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 47,262 പുതിയ കോവിഡ് കേസുകളിൽ മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, ഛത്തീസ്‌ഗഡ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 77.44 ശതമാനം കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.