ഹൈദരാബാദ് : ഭാരത് ബയോടെക്ക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ പുതിയ കൊവിഡ് വാക്‌സിനായ ബിബിവി 154ന്‍റെ മൂന്നാം ഘട്ട പരീക്ഷണവും വിജയമെന്ന് സ്ഥാപനം. രോഗ പ്രതിരോധത്തിലും ക്ലിനിക്കല്‍ പരിശോധനകളിലും മരുന്ന് വിജയിച്ചതായി കമ്പനി അറിയിച്ചു.
വാക്‌സിന്‍റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയമായിരുന്നു. മൂക്കിലൂടെ നല്‍കാവുന്ന തരത്തിലുള്ളതാണ് വാക്‌സിന്‍. അതിനാല്‍ തന്നെ അവികസിത രാജ്യങ്ങള്‍ക്ക് പോലും വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയും. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയായ സെന്‍റ് ലൂയിസിന്‍റെ പങ്കാളിത്തത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. പ്രീ കിനിക്കല്‍ സുരക്ഷാ പരിശോധനകളില്‍ എല്ലാം വാക്‌സിന്‍ ഫലപ്രദമാണ്.
Also Read: നൂറുകോടി പ്രതിരോധം ; വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ നിര്‍ണായക നാഴികക്കല്ല്
വാക്സിന്‍ വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള സംവിധാനങ്ങള്‍ ഇതിനകം ഒരുക്കിയെന്നും കമ്പനി അവകാശപ്പെട്ടു. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ബയോടെക്‌നോളജിയുടെ കൊവിഡ് സുരക്ഷാ പ്രോഗ്രാമിലൂടെ ഉത്പന്ന വികസനത്തിനും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും കേന്ദ്രം ഭാഗികമായി ധനസഹായം നൽകുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്സിനുകള്‍ കൂടാതെ ബൂസ്റ്റര്‍ ഡോസായും ബിബിവി 154 നല്‍കാനാകും. ഇതിനായി നടത്തിയ പരീക്ഷണങ്ങളും വിജയം കണ്ടിട്ടുണ്ടെന്ന് ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ കെ സുചിത്ര പറഞ്ഞു.