ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും പിന്‍വലിക്കുന്നു. കൊവിഡ് നിയന്ത്രണത്തിനായി 2022 ഫെബ്രുവരി 25നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവസാനമായി ഉത്തരവിറക്കിയത്. ഈ മാസം 31ന് (31.03.2022) ഇതിന്‍റെ കാലാവധി അവസാനിക്കും.
ഈ മാസം 31ന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ യാതൊരു വിധ കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് ഉണ്ടാവില്ല. ദുരന്ത നിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പിന്‍വലിക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് നിയന്ത്രണത്തിന് ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധമായി വയ്ക്കുക തുടങ്ങിയവയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഈ മാര്‍ഗ നിര്‍ദേശങ്ങളായിരിക്കും കൊവിഡ് നേരിടുന്നതില്‍ രാജ്യത്തെ നയിക്കുക . രാജ്യത്ത് കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണത്തിന് ദേശീയ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
കൊവിഡിന്‍റെ വ്യാപന രീതി കണക്കിലെടുത്ത് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ജാഗ്രത തുടരണം. കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രാദേശിക തലത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പറയുന്നു.
ALSO READ: സിൽവർലൈൻ: ‘ബഫർ സോൺ ഉണ്ട്’, മന്ത്രിയെ തള്ളിയും എംഡിയെ പിന്തുണച്ചും കോടിയേരി
2020 മാര്‍ച്ച് 24 മുതല്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം കൊവിഡ് നിയന്ത്രണത്തിനായി 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം ഉത്തരവുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ച് വരികയാണ്. 24 മാസത്തിനിടയ്ക്ക് കൊവിഡ് പ്രതിരോധത്തിന് രാജ്യം കൂടുതല്‍ ശേഷി കൈവരിച്ചിട്ടുണ്ട്.
വാക്‌സിനേഷന്‍, സമ്പര്‍ക്ക പട്ടിക ഉണ്ടാക്കല്‍, ആശുപത്രി സൗകര്യം വര്‍ധിപ്പിക്കല്‍ എന്നിവയില്‍ രാജ്യം ശേഷി വര്‍ധിപ്പിച്ചു. നിലവില്‍ 23,913 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി റേറ്റ് 0.28 ശതമാനമായി കുറഞ്ഞു. ഇതുവരെ 181.56 കോടി ഡോസ് കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് നല്‍കിയത്.