ന്യൂഡൽഹി: ഫ്ലൈയിങ് ക്രൂവിന് വാക്സിനേഷൻ നൽകിയില്ലെങ്കിൽ പൈലറ്റുമാർ ജോലി നിര്‍ത്തുമെന്ന് കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ) യൂണിയൻ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ടി.പ്രവീൺ കീർത്തി. ഇന്ത്യയിലൂടനീളമുള്ള കൊവിഡ് വാക്‌സിനേഷനിൽ നിന്നും പൈലറ്റുമാര്‍ ഒഴിവാക്കപ്പെടുകയാണ്. 18 വയസിന് മുകളിലുള്ള ഫ്ലൈയിങ് ക്രൂവിനായി വാക്സിനേഷൻ ക്യാമ്പുകൾ സ്ഥാപിക്കുന്നതിൽ മാനേജ്‌മെന്‍റ് പരാജയപ്പെട്ടാൽ പൈലറ്റുമാർ ജോലി നിർത്തുമെന്നും അദ്ദേഹം എയർ ഇന്ത്യ ഡയറക്ടർ ക്യാപ്റ്റൻ ആർ എസ് സന്ധുവിന് മുന്നറിയിപ്പ് നല്‍കി.
ഐസിപിഎയിൽ ആയിരത്തോളം പൈലറ്റുമാരാണുള്ളത്. നിരവധി ജീവനക്കാരെയാണ് ഇതിനകം വീട്ടിൽ ഇരുന്ന് ജോലികൾ ചെയ്യാൻ അനുവദിച്ചത്. എന്നാൽ പൈലറ്റുമാർക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ മനേജ്മെന്‍റ് തീരുമാനമെടുക്കണം. എയർ ഇന്ത്യ തങ്ങളുടെ ഫ്ലൈയിങ് ക്രൂവിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നില്ലെന്നും ക്യാപ്റ്റൻ ടി.പ്രവീൺ കീർത്തി പറഞ്ഞു. ഇതിനോടകം നിരവധി ക്രൂ അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓക്‌സിജൻ സിലണ്ടറുകളുടെ ക്ഷാമവും നേരിടുന്നു. തങ്ങൾക്ക് ഒരുതരത്തിലുള്ള സംരക്ഷണവും ലഭിക്കുന്നില്ലെന്നും പ്രതിരോധ കുത്തിവയ്പ്പില്ലാതെ പൈലറ്റുമാരുടെ ജീവൻ അപകടത്തിലാക്കുന്നത് തുടരാനാകില്ലെന്നും ക്യാപ്റ്റൻ പറഞ്ഞു.
ഏപ്രിൽ 13ന് എയർ ഇന്ത്യ 45 വയസോ അതിനു മുകളിലോ പ്രായമുള്ള ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചിരുന്നു. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും പൈലറ്റുമാരെ മുൻനിര തൊഴിലാളികളായി അംഗീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നതിനെക്കുറിച്ചും ക്യാപ്റ്റൻ കീർത്തി നേരത്തെ സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരിയെ ധരിപ്പിച്ചിരുന്നു.