റാഞ്ചി (ജാര്‍ഖണ്ഡ്): പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവിയെ ഹസാരിബാഗ് കോടതി ശിക്ഷിച്ചു. പെരുമാറ്റ ചട്ടലംഘനത്തിന് അന്നപൂർണ ദേവിക്ക് 200 രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു ദിവസം ജയിൽ ശിക്ഷയായി അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസും പിഴയും ഇങ്ങനെ: 2019 മെയ് 13 ന് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) നേതാവ് മഹേഷ് റാം നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അന്നപൂർണ ദേവി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ധരിച്ചാണ് വോട്ടിങ് കേന്ദ്രത്തിൽ എത്തിയതെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് മന്ത്രിക്കെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷം 11 പേരുടെ മൊഴിയെടുത്തു.
തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 130 ഇ പ്രകാരം കോടതിയിൽ വാദം നടക്കുകയായിരുന്നു. വാദം പൂർത്തിയാക്കിയ ശേഷം ജഡ്ജി മറിയം ഹെംബ്രാം അന്നപൂർണ ദേവി കുറ്റക്കാരിയാണെന്ന് വിധിക്കുകയും 200 രൂപ പിഴ ചുമത്തുകയും ചെയ്‌തു. പിഴയടച്ചില്ലെങ്കിൽ ഒരു ദിവസത്തെ ശിക്ഷ അനുഭവിക്കണമെന്നും കോടതി അറിയിച്ചു. എന്നാല്‍ കീഴ്‌കോടതി വിധിയെ സെഷൻസ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അന്നപൂർണ ദേവിയുടെ അഭിഭാഷകൻ നവീഷ് സിൻഹ വ്യക്തമാക്കി.
ആരാണ് അന്നപൂര്‍ണ ദേവി: സംസ്ഥാനത്ത് ആർജെഡിയുടെ സമുന്നത നേതാക്കളില്‍ ഒരാളാണ് അന്നപൂർണ ദേവി. മാത്രമല്ല മുമ്പ് ഇവര്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷയുമായിരുന്നു. ലാലു പ്രസാദ് യാദവിനോട് വളരെ വിശ്വസ്ഥത പുലര്‍ത്തിയിരുന്ന ഇവര്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലാണ് ബിജെപിയിൽ ചേരുന്നത്. ബിജെപിയിൽ ചേർന്നതിന് പിന്നാലെ അന്നപൂര്‍ണ ദേവി പാർട്ടി ദേശീയ വൈസ് പ്രസിഡന്‍റുമായി. മാത്രമല്ല മോദി മന്ത്രിസഭ വീണ്ടും വിപുലീകരിച്ചപ്പോൾ അന്നപൂര്‍ണ ദേവി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായി.
ബിരുദം ചോദിച്ചതിനും പിഴ: അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് നല്‍കണമെന്ന് ഗുജറാത്ത് സര്‍വകലാശാലയോടുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. ഏഴുവര്‍ഷം പഴക്കമുള്ള കമ്മിഷന്‍റെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാലയുടെ അപ്പീൽ അനുവദിച്ചുകൊണ്ടായിരുന്നു ജസ്‌റ്റിസ് ബിരേൻ വൈഷ്ണവ് കേജ്‌രിവാളിന് പിഴ ചുമത്തിയത്. മാത്രമല്ല തുക നാലാഴ്‌ചയ്‌ക്കകം ഗുജറാത്ത് സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറാനും കോടതി ആവശ്യപ്പെട്ടിരുന്നു.
സംഭവം ഇങ്ങനെ: 2016 ഏപ്രിലില്‍ നല്‍കിയ വിവരാവകാശ രേഖയില്‍ അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മിഷനായിരുന്ന സി.ശ്രീധര്‍ ആചാര്യലുവാണ് പ്രധാനമന്ത്രി മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് കൈമാറാന്‍ ഉത്തരവിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ്, ഗുജറാത്ത് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവരോടായിരുന്നു വിവരാവകാശ രേഖയ്‌ക്ക് (ആര്‍ടിഐ) മറുപടി നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഗുജറാത്ത് സര്‍വകലാശാല ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയുമായിരുന്നു.