ലഖ്‌നൗ : കസ്റ്റഡിയിലുണ്ടായിരുന്ന 25 ലക്ഷം രൂപ അശ്രദ്ധ മൂലം മോഷണം പോയ സംഭവത്തിൽ ജഗദീഷ്‌പുര പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസർ ഉൾപ്പടെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ശനിയാഴ്‌ച രാത്രിയിലാണ് പൊലീസ് സ്റ്റേഷനിൽ കവര്‍ച്ച നടന്നത്.
നാല് ദിവസം മുൻപ് ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് 24 ലക്ഷം രൂപയും നാല് കിലോ സ്വർണവും പിടിച്ചെടുത്തിരുന്നു. കൂടാതെ മറ്റ് ക്രിമിനൽ കേസുകളിൽ പിടിച്ചെടുത്ത പണവും വെയർഹൗസിലുണ്ടായിരുന്നു.
എന്നാല്‍ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന സ്വർണവും ആയുധങ്ങളും മോഷണം പോയിട്ടില്ലെന്ന് പൊലീസ് അഡീഷണൽ ഡയറക്‌ടർ ജനറൽ രാജീവ് കൃഷ്‌ണ പറഞ്ഞു.
Also Read: തമിഴ്‌നാടിനും കേരളത്തിനുമിടയില്‍ നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
സ്റ്റേഷൻ ഹൗസ് ഓഫിസർ, ഒരു സബ് ഇൻസ്പെക്‌ടർ, ഹെഡ് ക്ലർക്ക്, മൂന്ന് കോൺസ്റ്റബിൾമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹെഡ് ക്ലർക്ക് രാവിലെ സ്റ്റേഷനിൽ തിരിച്ചെത്തിയ ശേഷം വെയർഹൗസ് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിച്ച് വരികയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.