ദിണ്ടിഗൽ(തമിഴ്‌നാട്) : 'മോദി' അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ശിക്ഷ വിധിച്ച കോടതി ജഡ്‌ജിയുടെ നാവ് മുറിച്ചുമാറ്റുമെന്ന് ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ്. പാര്‍ട്ടിയുടെ ദിണ്ടിഗല്‍ ജില്ല അധ്യക്ഷന്‍ മണികണ്ഠനാണ് ഭീഷണി മുഴക്കി രംഗത്തെത്തിയത്. സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
കഴിഞ്ഞ ദിവസം(06.04.2023) തമിഴ്‌നാട് ദിണ്ടിഗലില്‍ നടന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മണികണ്‌ഠന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 'ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച ജഡ്‌ജിയുടെ നാവ് മുറിച്ചുമാറ്റും' - എന്നായിരുന്നു മണികണ്‌ഠന്‍റെ പരാമര്‍ശം. ഇതേതുടര്‍ന്ന് ഐപിസി 153 ബി അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
'മോദി' അപകീര്‍ത്തിക്കേസ് : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി 'മോദി' അപകീര്‍ത്തിക്കേസിന് ആധാരമായ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകള്‍ തമ്മിലുള്ള സാമ്യം പ്രകടമാക്കാനായി എല്ലാ കള്ളന്മാര്‍ക്കും പൊതുവായി 'മോദി' എന്ന് പേരുള്ളത് എന്തുകൊണ്ടാണ് എന്ന് രാഹുല്‍ ചോദിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് ഗുജറാത്ത് മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ ബിജെപി നേതാവ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്.
മോദി സമുദായത്തെ ആകെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി രാഹുലിനെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കേസില്‍, തുടര്‍ന്ന് രാഹുലിന് ജാമ്യം ലഭിക്കുകയും ചെയ്‌തു. എന്നാല്‍ കോടതി വിധിക്ക് പിന്നാലെ ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് അദ്ദേഹത്തെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
8(3) വകുപ്പ് പ്രകാരം പാര്‍ലമെന്‍റിലെ ഏതെങ്കിലും അംഗം രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കുമെന്ന് ഈ നിയമം വ്യക്തമാക്കുന്നു. എന്നാല്‍, മേല്‍ക്കോടതിയെ സമീപിക്കുന്നതിന് മുമ്പായുള്ള അയോഗ്യത നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
പാര്‍ട്ടി വിട്ടത് രാഹുല്‍ ഗാന്ധി കാരണമെന്ന് ഗുലാം നബി ആസാദ് : അതേസമയം, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചുകൊണ്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതും വലിയ വിവാദമായിരിക്കുകയാണ്. താനും മറ്റ് നേതാക്കളും പാര്‍ട്ടി വിടാന്‍ കാരണം രാഹുല്‍ ഗാന്ധി ആണെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശം. ഇന്നത്തെ കോണ്‍ഗ്രസില്‍ നിലനില്‍പ്പുണ്ടാകണമെങ്കില്‍ നേതാക്കള്‍ നട്ടെല്ല് ഇല്ലാത്തവരാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷം, പഴയ കോണ്‍ഗ്രസ് പ്രതാപത്തെ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചത് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക ബംഗ്ലാവ് ഒഴിയാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ സൗജന്യമായല്ല താമസിക്കുന്നതെന്നും വാടക നല്‍കുന്നുണ്ടെന്നുമായിരുന്നു ഗുലാം നബി ആസാദിന്‍റെ മറുപടി.