ബെംഗളൂരു : കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ ആർഡിപിആർ വകുപ്പിലെ ജോലിയുടെ കരാറിൽ നിന്ന് 40ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കരാറുകാരൻ മരിച്ച നിലയിൽ. ഉഡുപ്പിയിലെ ഒരു ലോഡ്‌ജിലാണ് സന്തോഷ് കെ പാട്ടീൽ എന്ന കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.
ബെലഗാവി സ്വദേശിയാണ് മരിച്ച സന്തോഷ്. താൻ ആത്‌മഹത്യ ചെയ്യാൻ പോകുകയാണെന്നും മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്നും ആരോപിച്ച് പാട്ടീലിന്‍റേതെന്ന പേരില്‍ ഏതാനും മാധ്യമങ്ങൾക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നു.
മന്ത്രിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി : ഹിൻഡലഗ വില്ലേജിൽ 4 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പണിയുടെ ബില്ലുകൾ പാസാക്കുന്നതിനായി 40 ശതമാനം കമ്മിഷൻ നൽകാൻ ഈശ്വരപ്പ ആവശ്യപ്പെട്ടെന്നാണ് സന്തോഷ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഇതോടെ കരാറുകാരനെതിരെ മന്ത്രി മാനനഷ്ടക്കേസ് ഫയൽ ചെയ്‌തു.
സന്തോഷ് പാട്ടീലിന്‍റെ മരണം അന്വേഷിക്കുമെന്നും പൊലീസ് സൂപ്രണ്ട് സംഭവ സ്ഥലം സന്ദർശിച്ചതായും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അതേസമയം ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നും ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്ത് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.