ന്യൂഡല്‍ഹി: മൊബൈല്‍ ഡിവൈസുകള്‍ക്ക് വ്യത്യസ്‌ത ചാര്‍ജിങ് കേബിളുകള്‍ ഉള്ളത് കമ്പനികള്‍ കൂടുതല്‍ വരുമാനം ലക്ഷ്യം വെക്കുന്നത് കൊണ്ടാണെന്ന് ഇന്ത്യയിലെ പത്ത് ഉപഭോക്‌താക്കളില്‍ ഏഴ് പേര്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേന്ദ്ര സര്‍ക്കാര്‍ ചാര്‍ജിങ് കേബിളുകള്‍ക്ക് ഒരു പൊതു മാനദണ്ഡം ഏര്‍പ്പെടുത്താത്തതാണ് ഇത്തരത്തില്‍ വ്യത്യസ്‌ത ചാര്‍ജിങ് കേബിളുകള്‍ ഉള്ളതിന് കാരണമെന്ന് 10ല്‍ അഞ്ച് പേര്‍ അഭിപ്രായപ്പെടുന്നു.
10ല്‍ ഒമ്പത് പേര്‍ സര്‍ക്കാര്‍ ഈ രംഗത്ത് ഒരു പൊതു മാനദണ്ഡം കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള നടപടി ഉണ്ടാകുകയാണെങ്കില്‍ ചാര്‍ജിങ് കേബിളുകളുടെ വില കുറയുകയും ഉപഭോക്‌താക്കളുടെ അസൗകര്യം കുറയ്‌ക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. എല്ലാ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും USB-C ചാര്‍ജിങ് സ്റ്റാന്‍ഡേര്‍ഡിലേക്ക് 2024 മുതല്‍ മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ടിട്ടുണ്ട്.
ചാര്‍ജറുകളില്‍ ഒരു ഏകീകൃത മാനദണ്ഡം കൊണ്ടുവരാനായി കേന്ദ്ര ഉപഭോക്‌തൃകാര്യ മന്ത്രാലയം ഈ രംഗത്തെ വ്യവസായ പ്രതിനിധികളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണുകള്‍, സ്‌മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, വയറബിള്‍ ഡിവൈസസ് എന്നിവയ്‌ക്ക് പൊതുവായ മാനദണ്ഡത്തിലുള്ള ചാര്‍ജര്‍ ഏര്‍പ്പെടുന്നതിന്‍റെ സാധ്യത ആരായാനാണ് യോഗം.
സര്‍വേയിലെ 78 ശതമാനം ആളുകളും എല്ലാ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ഒരേ യുഎസ്‌ബി ചാര്‍ജിങ് കേബിളുകള്‍ വേണമെന്നാണ് അഭിപ്രായപ്പെട്ടത്. നിലവിലുള്ള സംവിധാനത്തില്‍ കുഴപ്പമില്ലെന്ന് കേവലം ആറ് ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. വിവിധ തരം ചാര്‍ജിങ് കേബിളുകള്‍ കമ്പനികള്‍ പുറത്തിറക്കുന്നത് ആക്‌സസറികളുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണെന്നാണ് ബഹുഭൂരിപക്ഷം പേരും സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. വിവിധ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന ചാര്‍ജിങ് കേബിളുകളുടെ വില കൂടുതലായത് കാരണം ഭൂരിപക്ഷം ആളുകളും വാങ്ങുന്നത് അവയുടെ ജനറിക് വേര്‍ഷനുകളാണ്. പൊതുമാനദണ്ഡം ഏര്‍പ്പെടുത്തുമ്പോള്‍ ബ്രാന്‍ഡഡ് ചാര്‍ജറുകളുടെ വില കുറയുമെന്ന് ഭൂരിപക്ഷ ആളുകളും അഭിപ്രായപ്പെട്ടു.