ഡിസ്‌പൂർ: അസമിനെ ഭിന്നിപ്പിക്കുന്നത് ബിജെപിയും ആർഎസ്‌എസും ചേർന്നാണെന്ന് രാഹുൽ ഗാന്ധി. അസമിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നടന്ന തന്‍റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം കരാറിന്‍റെ എല്ലാ തത്വങ്ങളും തങ്ങളുടെ പാർട്ടി സംരക്ഷിക്കുമെന്നും സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഒരിക്കലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും രാഹുൽ പറഞ്ഞു. നാഗ്‌പൂരിനെയും ഡൽഹിയെയും മാത്രം ശ്രദ്ധിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് പകരം അസമിന് സ്വന്തമായി ഒരു മുഖ്യമന്ത്രി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. നിയമവിരുദ്ധ കുടിയേറ്റം അസമിലെ ഒരു പ്രശ്‌നമാണെന്നും സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള കഴിവ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഉണ്ടെന്നും ഗാന്ധി പറഞ്ഞു.
അസം ഉടമ്പടി വിഷയത്തിൽ ബിജെപിയും ആർഎസ്‌എസും സംസ്ഥാനത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, അസം ഭിന്നിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയോ ബാധിക്കില്ല, പക്ഷേ അസമിലെ ജനങ്ങളെയും ഇന്ത്യയുടെ ബാക്കി ഭാഗങ്ങളെയുമാണ് അത് ബാധിക്കുകയെന്നും വ്യക്തമാക്കി. സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ കേന്ദ്ര സർക്കാർ മൊത്തമായും തങ്ങളുടെ അടുപ്പക്കാരായ രണ്ട് പ്രമുഖ വ്യവസായികൾക്ക് വിറ്റുകൊണ്ടിരിക്കുയാണെന്നും രാഹുൽ ആരോപിച്ചു. കൊവിഡ് സമയത്ത് മോദി സർക്കാർ പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചുവെന്നും തന്‍റെ രണ്ട് വേണ്ടപ്പെട്ട വ്യവസായികളുടെ വായ്‌പകൾ വൻതോതിൽ എഴുതിത്തള്ളിയെന്നും രാഹുൽ ആരോപിച്ചു.
മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അസമിലെ അക്രമ കാലഘട്ടം അവസാനിപ്പിച്ച് അസമിൽ സമാധാനം സ്ഥാപിച്ചുവെന്നും രാഹുൽ വ്യക്തമാക്കി.